വിജയ്‌യും നാനിയും ഒന്നിക്കുന്നു; ബീസ്റ്റിന് ശേഷം ദളപതി 66
Film News
വിജയ്‌യും നാനിയും ഒന്നിക്കുന്നു; ബീസ്റ്റിന് ശേഷം ദളപതി 66
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th February 2022, 4:47 pm

ബീസ്റ്റിന് ശേഷമുള്ള പുതിയ ചിത്രത്തിനായി വിജയ്‌യും നാനിയും ഒന്നിക്കുന്നു. വിജയ്‌യെ നായകനാക്കി സംവിധായകന്‍ വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗമായ ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയേയും തമിഴ് താരം കാര്‍ത്തിക്കിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വംശി ‘തോഴാ’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഈ ചിത്രത്തെയും ഒട്ടേറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66.

എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ദളപതി 66 നിര്‍മിക്കുന്നത്. ആദ്യമായാണ് ഒരു തെലുങ്കു നിര്‍മാതാവ് തമിഴ് സിനിമ നിര്‍മിക്കുന്നത്.

‘ബീസ്റ്റാ’ണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന സിനിമയില്‍ പൂജ ഹെഗ്ഡേയാണ് നായിക.

ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനമായ ‘അറബിക് കുത്ത്’ 91 മില്യണ്‍ കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.

‘ശ്യാം സിംഘ റോയ്’യാണ് നാനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായി ഒരുങ്ങിയ ചിത്രം ജനുവരി 24 -നാണ് ഈ തിയേറ്ററുകളില്‍ എത്തിയത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രം വിജയമായിരുന്നു.

ജനുവരി 21 ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. നാനിക്ക് പുറമേ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍, രാഹുല്‍ രവീന്ദ്രന്‍, മനീഷ് വഡ്വ, ലീല സാംസണ്‍, അഭിനവ് ഗോമതം, ജിഷു സെന്‍ഗുപ്ത, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.


Content Highlight: nani play a pivotol role in vijay 66