മലയാളികള്‍ക്ക് സുപരിചിതയായ നടിയും നര്‍ത്തകിയുമാണ് ശ്രീദേവി ഉണ്ണി. നീലത്താമര, ഒരു ചെറു പുഞ്ചിരി, സഫലം എന്നീ ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. നടി മോനിഷയുടെ അമ്മ കൂടിയാണ് ശ്രീദേവി.
2020 ന് ശേഷം സിനിമയില്‍ അത്ര സജീവമായിരുന്നില്ല അവര്‍. എന്നാല്‍ 2022 ല്‍ പുറത്തിറങ്ങിയ പുഴു എന്ന ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീദേവി ഉണ്ണി.
പുഴുവില്‍ താന്‍ ഒരു വേഷം ചെയ്തിരുന്നുവെന്നും എന്നാല്‍ കൊവിഡ് സമയത്തുള്ള ഷൂട്ടിങ്ങ് ആയതിനാല്‍ തനിക്ക് നല്ല പേടിയായിരുന്നുവെന്നും അവര്‍ പറയുന്നു. ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് പ്രൊഡക്ഷന്‍ ടീം തന്നോട് പറഞ്ഞെന്നും അങ്ങനെയാണ് താന്‍ സെറ്റിലേക്ക് പോയതെന്നും ശ്രീദേവി പറയുന്നു.
അധികം സിനിമകളിലും നെടുമുടി വേണുവിന്റെ പങ്കാളിയായി അഭിനയിക്കാനാണ് തന്നെ വിളിക്കാറുള്ളതെന്നും അദ്ദേഹം മരിച്ചതിന് ശേഷം സിനിമയില്‍ തന്റെയൊക്കെ കാലവും കഴിഞ്ഞുവെന്നാണ് തനിക്ക് തോന്നുന്നതെന്നും നടി പറയുന്നു. പുഴുവിന്റെ സെറ്റ് നല്ല സുരക്ഷിതമായിരുന്നുവെന്നും മമ്മൂട്ടിയൊക്കെ ഡയലോഗ് പറയുമ്പോള്‍ മാത്രമാണ് മാസ്‌ക് മാറ്റി വെച്ചിരുന്നതെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പുഴുവില്‍ ഞാന്‍ ഒരു റോള്‍ ചെയ്തിരുന്നു. കൊറോണകാലത്താണ് ചെയ്തിരുന്നത്. കൊവിഡായതുകൊണ്ട് എനിക്ക് പേടിയായിരുന്നു ശരിക്ക് ചെയ്യാന്‍. എന്നെ ഇങ്ങനെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞിരുന്നു. കൊറോണയല്ലേ ഞാന്‍ വരണോ എന്ന്. കാരണം എനിക്ക് നല്ല പേടിയായിരുന്നു. ഒന്നുമില്ല ചേച്ചി, എല്ലാം ഞങ്ങള്‍ നോക്കികോളാം എന്ന് അവര്‍ പറഞ്ഞു.
നെടുമുടിവേണുവിന്റെ പാര്‍ട്ണറായി അഭിനയിക്കാനാണ് എന്നെ അധികവും വിളിക്കാറുള്ളത്. അദ്ദേഹമൊക്കെ പോയപ്പോള്‍ ആ ക്യാരക്ടര്‍ അങ്ങ് പോയി. അപ്പോള്‍ ഏകദേശം എന്റെയും സിനിമയൊക്കെ പോയതുപോലെ എനിക്ക് തോന്നും. എന്റെ പേര്‍സണല്‍ ഫീലിങ്ങാണ് അത്. സെറ്റില്‍ ചെല്ലുമ്പോള്‍ എല്ലാം ഭയങ്കര പ്രൊട്ടക്ഷനായിരുന്നു. മമ്മൂട്ടിയാണെങ്കില്‍ ആ മാസ്‌ക് ഡയലോഗിന് മാത്രമേ അഴിക്കുകയുള്ളു. അത്രയും അച്ചടക്കമായിരുന്നു. പിന്നെ എന്റെ മകള്‍ എന്നോട് പറഞ്ഞിട്ടുള്ള ഒരു കാര്യം ഉണ്ട്. ‘ എല്ലാം വിധിയാണ്. നിങ്ങള്‍ക്കുള്ളതാണെങ്കില്‍ നിങ്ങള്‍ക്ക് തന്നെ കിട്ടും. എനിക്കുള്ളത് എനിക്ക് കിട്ടും’. ആ പ്രിന്‍സിപ്പിളില്‍ ജീവിച്ചാല്‍ മതിയെന്ന്,’ ശ്രീദേവി പറയുന്നു.
Content Highlight: Sreedevi unni about puzhu movie