അക്രമാഹ്വാനം ചെയ്തത് ഞങ്ങളെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാര്‍: പി.എസ് ശ്രീധരന്‍പിള്ള
Sabarimala women entry
അക്രമാഹ്വാനം ചെയ്തത് ഞങ്ങളെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാര്‍: പി.എസ് ശ്രീധരന്‍പിള്ള
ന്യൂസ് ഡെസ്‌ക്
Thursday, 18th October 2018, 9:56 pm

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനുള്ള ആര്‍.എസ്.എസ് നേതാവിന്റെ ശബ്ദരേഖ പുറത്തുവിട്ട കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബി.ജെ.പി അധ്യക്ഷന്‍ പി.എസ്.ശ്രിധരന്‍ പിള്ള.

മന്ത്രി പുറത്തുവിട്ട ശബ്ദരേഖ ആരുടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്തില്‍ നിന്നുള്ള പ്രമുഖനായ നേതാവിന്റെ കേരളത്തിലെ ആളിന്റെ ശബ്ദമാണത്. ബി.ജെ.പിക്കാരുടെ ശബ്ദമാണെന്ന് പറയുന്നത് കള്ളമാണ്.

നരേന്ദ്രമോദിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരാളുടെ അനുയായിയുടെ ശബ്ദമാണത്. സി.പി.ഐ.എമ്മിലെ പുത്തന്‍കൂറ്റക്കാരന്റെ ശബ്ദമാണത്. അത് ഞങ്ങളുടെ പാര്‍ട്ടിയില്‍പെട്ട ആളുടെ ശബ്ദമെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


ശബരിമലയില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തീര്‍ത്ഥാടകരുടെ വേഷത്തില്‍ ആളെ എത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശം കേള്‍പ്പിച്ചു കൊടുത്ത കടകംപള്ളി എന്താണ് ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി എന്നും ചോദിച്ചിരുന്നു. ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച കടകംപള്ളി ശബരിമലയില്‍ സംഘപരിവാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേസ് നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ അല്ല ആര്‍.എസ്.എസ് ആണന്നും പറഞ്ഞിരുന്നു.