ആത്മവിശ്വാസം ഇല്ലാത്തവര്‍ എന്തിന് അവസരങ്ങള്‍ക്കായി വിട്ടുവീഴ്ച്ച ചെയ്യണം?; കാസ്റ്റിങ്ങ് കൗച്ചിന് സ്ത്രീകളും ഉത്തരവാദികളെന്ന് നടി ആന്‍ഡ്രിയ
Casting Couch
ആത്മവിശ്വാസം ഇല്ലാത്തവര്‍ എന്തിന് അവസരങ്ങള്‍ക്കായി വിട്ടുവീഴ്ച്ച ചെയ്യണം?; കാസ്റ്റിങ്ങ് കൗച്ചിന് സ്ത്രീകളും ഉത്തരവാദികളെന്ന് നടി ആന്‍ഡ്രിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th October 2018, 9:45 pm

ചെന്നൈ: കാസ്റ്റിങ്ങ് കൗച്ച് പ്രവണതയ്ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റിലെന്ന് നടി ആന്‍ഡ്രിയ. കാസ്റ്റിങ്ങ് കൗച്ച് പ്രവണതയ്ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്നും സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നും ആന്‍ഡ്രിയ പറഞ്ഞു.

തനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാമെന്നും ആന്‍ഡ്രിയ പറഞ്ഞു. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങള്‍ക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും ആന്‍ഡ്രിയ ചോദിക്കുന്നു.


“അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ടു വരില്ല. സ്ത്രികള്‍ക്ക് തങ്ങളുടെ കഴിവില്‍ സ്വയം വിശ്വാസം വേണം. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങള്‍ക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണം?

നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന പ്രതിഛായ അനുസരിച്ചായിരിക്കും തിരിച്ചും അവര്‍ പ്രതികരിക്കുക. എന്നെ പരിചയപ്പെടുന്നവര്‍ക്ക് അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന്. അതു കൊണ്ടു തന്നെ കാസ്റ്റിങ്ങ് കൗച്ച് വിവാദത്തില്‍ ആണുങ്ങളെ മാത്രം പഴിക്കാനാവില്ല എന്നാണ് എന്റെ അഭിപ്രായം” ആന്‍ഡ്രിയ വ്യക്തമാക്കി.

അതേസമയം, നടന്‍ അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. മണ്‍സൂണ്‍ മംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിങ്ങിനിടയില്‍ വിദേശത്ത് വച്ച് അലന്‍സിയറുടെ മാന്യത വിട്ട പെരുമാറ്റത്തെക്കുറിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കന്‍ മലയാളിയുടെ കത്ത് പങ്കുവച്ച യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.


പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങിപ്പേകാന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയ അലന്‍സിയര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നും “ഞാന്‍ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എനിക്കൊന്നു വഴങ്ങിത്തരണമെന്ന്” ആവശ്യപ്പെട്ടെന്നുമാണ് അലന്‍സിയറിനെതിരെ പുറത്തുവന്ന ഏറ്റവും ഒടുവിലെത്തെ ആരോപണം.