ആ രംഗത്തിനിടയില്‍ കാലില്‍ ജീപ്പ് കയറിയിറങ്ങി പോയി, സ്ഫടികത്തിലെ ആ അനുഭവം മറക്കാനാവില്ല: സ്ഫടികം ജോര്‍ജ്
Film News
ആ രംഗത്തിനിടയില്‍ കാലില്‍ ജീപ്പ് കയറിയിറങ്ങി പോയി, സ്ഫടികത്തിലെ ആ അനുഭവം മറക്കാനാവില്ല: സ്ഫടികം ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd February 2022, 3:35 pm

മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ സിനിമകളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ‘സ്ഫടികം’. മോഹന്‍ലാല്‍, തിലകന്‍, കെ.പി.എ.സി ലളിത തുടങ്ങിയ നിരവധി താരങ്ങള്‍ അസാധ്യ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്. ഭദ്രന്റെ മാസ്റ്റര്‍പീസ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം കാലാതീതമായി പഴയ തലമുറയേയും പുതിയ തലമുറയേയും ഒരുപോലെ വിസ്മയിപ്പിക്കുന്നുണ്ട്.

ചിത്രത്തിലൂടെ തലവര മാറിയ താരമാണ് സ്ഫടികം ജോര്‍ജ്. മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്മാരെ എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ കാണും സ്ഫടികം ജോര്‍ജ്.

ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ തനിക്ക് സംഭവിച്ച് അപകടത്തെ പറ്റി പറയുകയാണ് സ്ഫടികം ജോര്‍ജ്. ക്ലൈമാക്‌സ് സീനുകള്‍ ചിത്രീകരിച്ച് പാറമടയിലെ ആക്ഷന്‍ രംഗങ്ങളിലൊന്നില്‍ തന്റെ കാലിലൂടെ ജീപ്പ് കയറിയിറങ്ങിയെന്ന് സ്ഫടികം ജോര്‍ജ് പറഞ്ഞു. കൗമുദി മൂവീസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Spadikam (1995) - IMDb

‘ചെന്നൈയിലെ വാണ്ടല്ലൂരിലെ പറാമടയിലാണ് ഷൂട്ട് നടക്കുന്നത്. പാറമടയില്‍ നിന്നും ജീപ്പ് ഓടിച്ചു കയറിവരികയാണ്. അതിനിടയ്ക്ക് എട്ട് പത്തടി മുകളില്‍ നിന്നും താഴേക്ക് ഞാന്‍ ചാടണം. ആക്ഷന്‍ വന്നു. ഞാന്‍ ചാടി. പക്ഷേ എന്റെ ബോഡിവെയ്റ്റ് കൊണ്ട് മാറാന്‍ പറ്റിയില്ല. വണ്ടി സ്പീഡില്‍ ഒടിച്ചു വരികയാണ്. വണ്ടി ഇടിക്കും എന്ന് മനസിലായതോടെ ഞാന്‍ ചാടി.

പക്ഷേ കാല് മാറിയില്ല. വണ്ടി എന്റെ കാലില്‍ കൂടി കയറിയിറങ്ങി പോയി. ഞാന്‍ എഴുന്നേറ്റ് ഓടിപോവുകയും ചെയ്തു. ക്യാമറ ചെയ്ത വില്യംസും, ത്യാഗരാജന്‍ മാസ്റ്ററും, മോഹന്‍ലാലുമോല്ലാം പേടിച്ച് പോയി. എന്തേലും പറ്റിയോ എന്ന് എല്ലാവര്‍ക്കും പേടിയായിരുന്നു. വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങിയെങ്കിലും എനിക്കൊന്നും പറ്റിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനയന്റെ 19ാം നൂറ്റാണ്ടാണ് ഇനി പുറത്തിറങ്ങാനുള്ള സ്ഫടികം ജോര്‍ജിന്റെ ചിത്രം. മറ്റൊരു കന്നഡ ചിത്രത്തിലും ഇപ്പോള്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്.


Content Highlight: sphadikam george reveals about the accident in sphadikam