ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
UP Election
എന്റെ ജയം ഉറപ്പാണ്; പക്ഷേ ഇവിടെ തട്ടിപ്പു മണക്കുന്നുണ്ട്, എസ്.പി ഏജന്റുമാരെ സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്താക്കുന്നു; സംശയമുയര്‍ത്തി എസ്.പി സ്ഥാനാര്‍ത്ഥി
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 12:47pm

 

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പു നടക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണവുമായി എസ്.പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ്. സ്‌ട്രോങ് റൂമില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയുടെ ഏജന്റുമാരെ പുറത്താക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യു.പിയിലെ ഭരണം ഉപയോഗിച്ച് സര്‍ക്കാറിന് എന്തും ചെയ്യാന്‍ കഴിയും. അതുകൊണ്ട് എല്ലാവരുടെയും മനസില്‍ സംശയമുണ്ടെന്ന് അദ്ദേഹം പറയുന്നു.

‘ഞാന്‍ ജയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് എസ്.പിയുടെ വിശാല സഖ്യം ഈ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് ആളുകള്‍ പറയുന്നത്.’ അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ ഫലം പുറത്തുവന്ന ഘട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് ഗോരഖ്പൂരില്‍ മുന്നിട്ടു നില്‍ക്കുന്നത്. 43,456 വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത ശുക്ല നേടിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 44979 വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുകയാണ്.


Related News: യോഗിയുടെ മണ്ഡലമായ ഗോരഖ്പൂര്‍ തെരഞ്ഞെടുപ്പ് ട്രെന്റ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്ക്: വിലക്ക് ബി.ജെ.പി പിന്നിലായതിനു പിന്നാലെ


അതിനിടെ, യു.പിയിലെ ഗോരഖ്പൂരില്‍ തെരഞ്ഞെടുപ്പ് ട്രെന്റ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍മാരെ വോട്ടെണ്ണല്‍ നടക്കുന്നിടത്തുനിന്നും ജില്ലാ കലക്ടര്‍ പുറത്താക്കി.

‘ഓരോ റൗണ്ടിലെയും വോട്ടെണ്ണല്‍ പുരോഗതിയെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റാണ് മാധ്യമങ്ങള്‍ക്കു ഇപ്പോള്‍ വിവരം നല്‍കുന്നത്. മൂന്നു റൗണ്ടിലെ കണക്കുകള്‍ ഇതിനകം പുറത്തുവിട്ടു. തെരഞ്ഞെടുപ്പു കമ്മീഷന്റെ പാസുണ്ടായിട്ടും കൗണ്ടിങ് നടക്കുന്ന സ്ഥലത്ത് കടക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുവദിക്കുന്നില്ല.’ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇ.വി.എമ്മുകള്‍ ഉള്ളിടത്ത് മാധ്യമങ്ങളെ പ്രവേശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശമുണ്ടെന്നു പറഞ്ഞാണ് വിലക്കിനെ യു.പി സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.


Don’t Miss: ‘യു.പിയ്ക്ക് പിന്നാലെ ബീഹാറിലും ബി.ജെ.പിയ്ക്ക് തിരിച്ചടി’; അറാറിയ മണ്ഡലത്തില്‍ ആര്‍.ജെ.ഡി മുന്നില്‍


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് മാധ്യമങ്ങളെ വോട്ടെണ്ണല്‍ നടക്കുന്നയിടത്തു നിന്നും പുറത്താക്കിയത്.

എട്ടാം റൗണ്ട് പോളിങ് നടക്കുകയാണെങ്കിലും മൂന്നാം റൗണ്ടിനുശേഷമുള്ള ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

25വര്‍ഷത്തിനുശേഷം ആദ്യമായി സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പിന്. അടുത്തവര്‍ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പിനെ ഇരുപാര്‍ട്ടികളും കാണുന്നത്.


ഡൂള്‍ന്യൂസ് വീഡിയോസ്‌റ്റോറി കാണാം

Advertisement