ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Bye Election
‘യു.പിയ്ക്ക് പിന്നാലെ ബീഹാറിലും ബി.ജെ.പിയ്ക്ക് തിരിച്ചടി’; അറാറിയ മണ്ഡലത്തില്‍ ആര്‍.ജെ.ഡി മുന്നില്‍
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 12:34pm

അറാറിയ: രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും ഫലസൂചകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി. യു.പിയില്‍ ഗോരഖ്പൂരിലും ഫുല്‍പൂരിലും തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ബീഹാറിലെ അറാറിയ മണ്ഡലത്തിലും ബി.ജെ.പി പിന്നിലാണ്.

ആര്‍.ജെ.ഡിയിലെ സറാഫറാസ് അലം ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബീഹാറില്‍ അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും ആര്‍.ജെ.ഡി മുന്നേറുമ്പോള്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

ബിഹാറില്‍ ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബി.ജെ.പി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മാര്‍ച്ച് 11-നായിരുന്നു തെരഞ്ഞെടുപ്പ്. ഗൊരഖ്പുരില്‍ 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ ഫലം പുറത്തുവന്ന ഘട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് ഗോരഖ്പൂരില്‍ മുന്നിട്ടു നില്‍ക്കുന്നത്. 43,456 വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത ശുക്ല നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 44979 വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുകയാണ്.

25വര്‍ഷത്തിനുശേഷം ആദ്യമായി സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പിന്. അടുത്തവര്‍ഷം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സല്‍ എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പിനെ ഇരുപാര്‍ട്ടികളും കാണുന്നത്.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഫൂലൂരിലും സമാജ്‌വാദി പാര്‍ട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ എസ്.പി സ്ഥാനാര്‍ത്ഥി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

Advertisement