സൗമ്യയുടെ കൊലപാതകത്തിന് പിന്നില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് പൊലീസ്; കടം നല്‍കിയ പണത്തിന് പകരം വിവാഹാലോചന
Kerala
സൗമ്യയുടെ കൊലപാതകത്തിന് പിന്നില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് പൊലീസ്; കടം നല്‍കിയ പണത്തിന് പകരം വിവാഹാലോചന
ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 12:31 pm

കായംകുളം: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സൗമ്യയോട് പ്രതി അജാസ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി പൊലീസ്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

സൗമ്യയ്ക്ക് അജാസ് ഒന്നേകാല്‍ ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഇത് തിരിച്ചു നല്‍കാന്‍ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാന്‍ തയ്യാറായില്ല. പകരം വിവാഹം കഴിക്കാനാണ് അജാസ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതില്‍ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായും പൊലീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അജാസിനെ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാവുകയൊള്ളു. കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.

ഇവരുടെ ഫോണ്‍കോളുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സൗമ്യയെ അജാസ് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകനും പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് മകന്‍ പറഞ്ഞത്.