സിനിമയില്‍ മാത്രമാണ് ആ നടന് ബഹുമാനം കൊടുത്തത്; അതൊരു അളിയനോടുള്ള ബഹുമാനമായിരുന്നു: സൗബിന്‍
Entertainment
സിനിമയില്‍ മാത്രമാണ് ആ നടന് ബഹുമാനം കൊടുത്തത്; അതൊരു അളിയനോടുള്ള ബഹുമാനമായിരുന്നു: സൗബിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th February 2025, 5:18 pm

അജീഷ് പി. തോമസിന്റെ രചനയില്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മച്ചാന്റെ മാലാഖ. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിക്കുന്ന ഈ സിനിമയില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍.

നടി നമിത പ്രമോദും സൗബിനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മച്ചാന്റെ മാലാഖക്കുണ്ട്. നമിതക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, ശാന്തി തട്ടില്‍, വിനീത് തട്ടില്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ദിലീഷ് പോത്തന്‍ മച്ചാന്റെ മാലാഖയില്‍ സൗബിന്റെ അളിയനായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തനെ കുറിച്ച് പറയുകയാണ് സൗബിന്‍ ഷാഹിര്‍. തങ്ങള്‍ മച്ചാന്റെ മാലാഖക്ക് മുമ്പ് തന്നെ ഒരുമിച്ച് ഒരുപാട് വര്‍ക്ക് ചെയ്തവരാണെന്നും രണ്ടുപേരും നേരത്തെ പരസ്പരം അറിയുന്നവരാണെന്നും നടന്‍ പറയുന്നു.

‘ദിലീഷേട്ടന്‍ ഈ സിനിമയില്‍ എന്റെ അളിയനായിട്ടാണ് അഭിനയിക്കുന്നത്. അദ്ദേഹം എന്റെ കൂടെ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ട്രാന്‍സ്, ഭീഷ്മ പര്‍വം പോലെയുള്ള സിനിമകളിലൊക്കെ ഞാനും ദിലീഷേട്ടനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

പിന്നെ സുഹൃത്തുക്കളൊക്കെ ഒരുമിക്കുന്ന സിനിമകളിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ടാകാറുണ്ട്. പിന്നെ അതല്ലാത്ത സിനിമകളിലും ദിലീഷേട്ടന്‍ എന്റെ കൂടെ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ മച്ചാന്റെ മാലാഖക്ക് മുമ്പ് തന്നെ ഒരുമിച്ച് ഒരുപാട് വര്‍ക്ക് ചെയ്തവരാണ്.

രണ്ടുപേരും നേരത്തെ പരസ്പരം അറിയുന്നവരാണ്. അപ്പോള്‍ അളിയനാവേണ്ട കാര്യമില്ല. അതിന്റെ മുമ്പേ തന്നെ അളിയനെന്ന രീതിയിലാണ് ഞങ്ങള്‍ പെരുമാറുന്നത്. പിന്നെ സിനിമയില്‍ (മച്ചാന്റെ മാലാഖ) ചെറിയൊരു ബഹുമാന കൂടുതല്‍ കൊടുത്തുവെന്നേയുള്ളൂ. അതായത് ഒരു അളിയന്റെ ബഹുമാനം. അതും ടേക്കിന്റെ സമയത്ത് മാത്രം (ചിരി),’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

Content Highlight: Soubin Shahir Talks About Dileesh Pothan And Machante Maalakha