മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. സിദ്ദിഖ്, ഫാസില്‍, ആഷിക് അബു, റാഫി- മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായാണ് നടന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സൗബിന്‍ പ്രേമത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് നായകനായും വില്ലനായും തിളങ്ങിയ സൗബിന്‍ പറവയിലൂടെ സംവിധായകുപ്പായവുമണിഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലൂടെ തമിഴിലും സൗബിന്‍ സാന്നിധ്യമറിയിക്കുകയാണ്. ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സൗബിന്‍ ഷാഹിര്‍.
സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലാണ് താന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായതെന്ന് സൗബിന്‍ പറഞ്ഞു. ആ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ തന്റെ അച്ഛനായിരുന്നെന്നും ഫാസിലായിരുന്നു ആ സിനിമ നിര്‍മിച്ചതെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. പ്ലസ് ടു കഴിഞ്ഞതിന് ശേഷമാണ് സിനിമയിലേക്ക് പോയതെന്ന് സൗബിന്‍ പറഞ്ഞു.
ആദ്യദിവസങ്ങളിലൊക്കെ മമ്മൂട്ടിയില്ലാത്ത സീനുകളായിരുന്നു ഷൂട്ട് ചെയ്തതെന്നും പിന്നീടാണ് മമ്മൂട്ടി ജോയിന്‍ ചെയ്തതെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യദിവസം മമ്മൂട്ടിയെ ഷോട്ടിന് വിളിച്ചത് താനായിരുന്നെന്ന് സൗബിന്‍ പറഞ്ഞു. തന്നെ അടിമുടി ഒന്ന് നോക്കിയ ശേഷം എന്താ സെറ്റില്‍ കാര്യമെന്ന് ചോദിച്ചെന്നും താന്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പറഞ്ഞെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ പ്രായത്തില്‍ വല്ലതും പഠിക്കാന്‍ നോക്കെന്ന് മമ്മൂട്ടി പറഞ്ഞെന്നും വീട്ടുകാര്‍ സമ്മതിച്ചോ എന്ന് ചോദിച്ചെന്നും സൗബിന്‍ പറഞ്ഞു. തന്റെ അച്ഛനും സെറ്റിലുണ്ടെന്ന് പറഞ്ഞപ്പോള്‍ അച്ഛനോട് സംസാരിച്ചെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.
പഠിത്തത്തില്‍ ഒന്നുമാകില്ലെന്ന് കണ്ടതുകൊണ്ടും സിനിമയോട് ഇഷ്ടമുള്ളതുകൊണ്ടുമാണ് സിനിമ ചെയ്യാന്‍ സമ്മതിച്ചതെന്ന് അച്ഛന്‍ മമ്മൂട്ടിയോട് പറഞ്ഞെന്നും സൗബിന്‍ പറഞ്ഞു. എന്തായാലും പഠിത്തം കഴിഞ്ഞിട്ട് മതി സിനിമയെന്ന് മമ്മൂട്ടി ഉപദേശിച്ചെന്നും താന്‍ പഠിത്തത്തിന്റെ കൂടെ സിനിമയും കൊണ്ടുപോയെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. കേരളയോട് സംസാരിക്കുകയായിരുന്നു സൗബിന്‍ ഷാഹിര്‍.
‘ആദ്യമായിട്ട് എ.ഡിയായത് ക്രോണിക് ബാച്ചിലറിലായിരുന്നു. ബാപ്പ ആ പടത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ഫാസില്‍ സാറായിരുന്നു ആ പടം പ്രൊഡ്യൂസ് ചെയ്തത്. മമ്മൂക്കയുടെ സീനൊന്നും ആദ്യത്ത ദിവസം ഉണ്ടായിരുന്നില്ല. പിന്നെ പുള്ളി ആ പടത്തില്‍ ജോയിന്‍ ചെയ്തപ്പോള്‍ വേറെ ലുക്കായിരുന്നു. ചെറുതായി താടിയൊക്കെ പുള്ളി വളര്‍ത്തിയിരുന്നു. പിന്നീടാണ് ഇപ്പോള്‍ കാണുന്ന ഗെറ്റപ്പിലേക്ക് മാറിയത്.
മമ്മൂക്കയുടെ ആദ്യത്തെ ഷോട്ടിന് വിളിച്ചത് ഞാനായിരുന്നു. എന്നെ കണ്ടതും പുള്ളി അടിമുടി ഒന്ന് നോക്കി. ‘നീയെന്താ ഇവിടെ’ എന്ന് ചോദിച്ചു. ഈ പടത്തില്‍ എ.ഡിയായി വര്‍ക്ക് ചെയ്യുകയാണെന്ന് പറഞ്ഞു. ‘പോയി പഠിക്കെടാ’ എന്നായിരുന്നു പുള്ളി പറഞ്ഞത്. ‘വീട്ടുകാര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണോ’ എന്ന് ചോദിച്ചു.
ബാപ്പ ഈ പടത്തില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ബാപ്പയുമായി സംസാരിച്ചു. ‘പ്ലസ് ടു കഴിഞ്ഞിട്ട് പഠിത്തത്തില്‍ വലിയ മെച്ചം കാണിക്കുന്നില്ല. സിനിമയോട് വലിയ ഇഷ്ടമുണ്ടെന്ന് കണ്ടപ്പോള്‍ അതിലേക്ക് കൊണ്ടുവന്നു. അങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ’ എന്ന് വാപ്പ മമ്മൂക്കയോട് പറഞ്ഞു. ‘എന്തായാലും നാലക്ഷരം പഠിക്കാന്‍ നോക്ക്’ എന്ന് മമ്മൂക്ക പറഞ്ഞു. പിന്നീട് പഠിത്തത്തിന്റെ കൂടെ സിനിമയും കൂടെ കൊണ്ടുപോയി’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
Content Highlight: Soubin Shahir shares the advice he got from Mammootty