ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടനാണ് സൂരി. വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. ആദ്യകാലങ്ങളില്‍ കോമഡി കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സൂരിയുടെ ഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായി സൂരി ഉയര്‍ന്നു.
ഇപ്പോള്‍ ഒരേ സമയം കലാ മൂല്യവും വ്യവസായ മൂല്യവുമുള്ള സിനിമകളില്‍ അദ്ദേഹം ഭാഗമാണ്. തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്‍പ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റാം അണിയിച്ചൊരുക്കിയ ഏഴു കടല്‍ ഏഴു മലൈ എന്ന സിനിമയിലും സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിവിന്‍ പോളിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ നിവിന്‍ പോളിയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയാണ് സൂരി.
‘ഏഴു കടല്‍ ഏഴു മലൈ എന്ന സിനിമയുടെ എല്ലാ പരിപാടിയും കഴിഞ്ഞു. ഇനി ഒരു ഒരുമാസത്തിനുള്ളില്‍ ആ സിനിമ റിലീസ് ആകും. എനിക്ക് വളരെ ഇഷ്ടമുള്ള എന്റെ അടുത്ത സുഹൃത്താണ് നിവിന്‍ പോളി. അവരുടെ കൂടെ അഭിനയിക്കാന്‍ വളരെ സന്തോഷമായിരുന്നു. അദ്ദേഹം ഉള്ള സ്ഥലമെല്ലാം ഭയങ്കര രസമാണ്.
ഷൂട്ടിങ് സ്ഥലം എപ്പോഴും ഹാപ്പിയായിട്ട് വെക്കും. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു. എനിക്കും ശിവകര്‍ത്തികേയനും തമ്മില്‍ ഒരു ബോണ്ട് ഉണ്ട്. അതുപോലെയാണ് നിവിനുമായി എനിക്കുള്ളത്. റാം സാര്‍ തന്നെ പറയും, ‘എനിക്ക് സൂരിയേയും ശിവകര്‍ത്തികേയനെയും കാണുന്ന പോലെയാണ് നിവിനേയും സൂരിയെയും കാണുമ്പോള്‍ തോന്നുന്നത്’ എന്ന്,’ സൂരി പറയുന്നു.