കോമഡി നടനായി കരിയര്‍ ആരംഭിച്ച നടനാണ് സൂരി. വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം ഹാസ്യനടനായി തിളങ്ങി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് സൂരി തെളിയിച്ചു. ഗരുഡന്‍, കോട്ടുക്കാലി എന്നീ ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച സൂരിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാമന്‍.
മലയാളികളായ ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവര്‍ മാമനില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സ്വാസികയുമൊത്തുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സൂരി. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സ്വാസിക തന്നെ ഞെട്ടിക്കാറുണ്ടെന്ന് സൂരി പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ രാക്ഷസി എന്നാണ് താന്‍ സ്വാസികയെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് ഡയലോഗുകള്‍ അതിമനോഹരമായാണ് സ്വാസിക അവതരിപ്പിക്കുന്നതെന്നും സൂരി പറയുന്നു. മലയാളിയായിരുന്നിട്ട് കൂടി തമിഴ് എങ്ങനെ ഇത്ര മനോഹരമായി സംസാരിക്കുന്നെന്ന് താന്‍ ചിന്തിച്ചെന്നും തനിക്ക് മലയാളം അത്ര നന്നായി സംസാരിക്കാനറിയില്ലെന്നും സൂരി കൂട്ടിച്ചേര്‍ത്തു. മാമന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലിറ്റില്‍ ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു സൂരി.
‘ഈ പടത്തില്‍ മലയാളത്തില്‍ നിന്ന് രണ്ട് ആര്‍ട്ടിസ്റ്റുകളുണ്ട്. ഐശ്വര്യ ലക്ഷ്മി, സ്വാസിക. രണ്ടുപേരും വളരെ ഇംപോര്‍ട്ടന്റായിട്ടുള്ള വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. അതില്‍ സ്വാസിക എന്റെ ചേച്ചിയുടെ വേഷമാണ് ചെയ്യുന്നത്. അവരെപ്പറ്റി പറഞ്ഞാല്‍, രാക്ഷസി എന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ അവരൊരു രാക്ഷസിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എത്ര വലിയ ഡയലോഗ് കൊടുത്താലും അത് സിമ്പിളായിട്ട് പഠിക്കും. എങ്ങനെയാണ് ഇത്ര നന്നായിട്ട് തമിഴ് സംസാരിക്കുന്നതെന്ന് ആലോചിച്ച് അന്തം വിട്ടിട്ടുണ്ട്. അതും ഈ സിനിമയില്‍ ട്രിച്ചി തമിഴാണ്. സിമ്പളാണെന്ന് തോന്നുന്ന തരത്തിലാണ് സ്വാസിക തമിഴ് ഡയലോഗ് പറയുന്നത്. എനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മലയാളം പഠിക്കാന്‍ പ്രയാസമായതുകൊണ്ട് ആ പണിക്ക് നിന്നിട്ടില്ല. രണ്ട് ഡയലോഗ് പറഞ്ഞ് കഴിഞ്ഞാല്‍ അതില്‍ തമിഴ് കയറിവരും,’ സൂരി പറഞ്ഞു.
നവാഗതനായ പ്രശാന്ത് പാണ്ടിരാജാണ് മാമന്റെ സംവിധായകന്‍. സൂരിയാണ് ചിത്രത്തിന്റെ കഥ തയാറാക്കിയത്. മലയാളിയായ ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതം. ലാര്‍ക് സ്റ്റുഡിയോസിന്റെ ബാനറില്‍ കെ. കുമാര്‍ നിര്‍മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസിലും ചിത്രം നല്ല പ്രകടനം നടത്തുകയാണ്.
Content Highlight: Soori saying Swasika’s performance wondered him in Maaman movie