ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു സോണിയ ബോസ്. മൈ ഡിയർ കുട്ടിച്ചാത്തനിൽ ലക്ഷ്മിയായി എത്തിയ ആ പെൺകുട്ടി പിന്നീട് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം സിനിമകളിൽ സ്ഥിര സാന്നിധ്യമായി മാറിയിരുന്നു.
തേന്മാവിൻ കൊമ്പത്ത് എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ കുയിൽ എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. സൈന്യം, സാമ്രജ്യം തുടങ്ങിയ സിനിമകളിലും സോണിയ അഭിനയിച്ചിരുന്നു.
എന്നാൽ ബാലതാരമായി കരിയർ തുടങ്ങിയത് കൊണ്ട് ചില നഷ്ടങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സോണിയ. തന്റെ മുഖത്തെ കുട്ടിത്തം എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നതിനാൽ നായികയായി പലപ്പോഴും പരിഗണിക്കപ്പെട്ടില്ലെന്നും പക്വതയുള്ള വേഷങ്ങൾ കിട്ടിയില്ലെന്നും സോണിയ പറയുന്നു. സൈന്യം എന്ന സിനിമയിൽ നടി ഗൗതമിക്ക് വെച്ച വേഷമാണ് തനിക്ക് ലഭിച്ചതെന്നും എന്നാൽ ഒരു ഭാര്യയുടെ വേഷം ചെയ്യാൻ ഇവൾക്കാവില്ലെന്ന് അന്ന് മമ്മൂട്ടിയൊക്കെ പറഞ്ഞിരുന്നുവെന്നും സോണിയ പറഞ്ഞു. തന്റെ ഈ രൂപം കാരണം സൂപ്പർസ്റ്റാറുകളുടെ നായികാ വേഷങ്ങളടക്കം നഷ്ടമായിട്ടുണ്ടെന്നും എന്നാൽ മൈ ഡിയർ കുട്ടിച്ചാത്തൻ പോലുള്ള സിനിമകളിലൂടെ ഇപ്പോഴും പലരും തന്നെ ഓർക്കുന്നുവെന്നും സോണിയ കൂട്ടിച്ചേർത്തു.
പാൻ ഇന്ത്യൻ ചിത്രമായി പ്രദർശിപ്പിച്ച മൈഡിയർ കുട്ടിച്ചാത്തനിലെ ഒരേയൊരു നടിയാണ് ഞാൻ. എന്നെ കാണുമ്പോൾ ലക്ഷ്‌മിയായിട്ട് ഇപ്പോഴും തിരിച്ചറിയുന്നവരുണ്ട്
– സോണിയ ബോസ്
‘ബാലതാരമായി അഭിനയിച്ചത് കൊണ്ട് ചില നഷ്ടങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. മുതിർന്നപ്പോൾ നായികാ വേഷത്തിലേക്ക് എന്നെയാരും പരിഗണിച്ചില്ല. കാരണം, ആരും എന്റെ മുഖം മറന്നിരുന്നില്ല. എൻ്റെ മുഖത്തെ കുട്ടിത്തം, അതവിടെത്തന്നെയുണ്ടായിരുന്നു. എനിക്ക് പൊക്കമില്ലാത്തതും നായികയാവാനുള്ള സാധ്യതയെ തള്ളി.
പക്വതയുള്ള വേഷങ്ങളും കിട്ടില്ല. എനിക്കിപ്പോഴും ഓർമയുണ്ട്, ‘സൈന്യം’ എന്ന സിനിമയിൽ എനിക്കുപകരം ഗൗതമിച്ചേച്ചിയെ ആയിരുന്നു അവർ നോക്കിയിരുന്നത്. കാസ്റ്റിങ് മാറിവന്നതോടെ എന്നെ വിളിച്ചു. അപ്പോൾ മമ്മൂട്ടി അങ്കിൾ പറഞ്ഞു, അവൾ കൊച്ചാണ്. മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ലായെന്ന്. ജോഷി അങ്കിൾ വിളിച്ചതുപ്രകാരം ഞാൻ ഹൈദരാബാദിലേക്ക് പോയി. എന്നെക്കണ്ടതും എല്ലാവരുടെയും മുഖം മാറി. ജോഷി അങ്കിൾ മേക്കപ്പ് ചെയ്തുവരാൻ പറഞ്ഞു.
സാരിയും ഫുൾസ്ലീവ് ബ്ലൗസുമൊക്കെ അണിഞ്ഞുവന്നപ്പോൾ ഫാത്തിമയായി മാറി. അതുകണ്ടപ്പോൾ മമ്മൂട്ടി അങ്കിൾ ഒന്നും പറഞ്ഞില്ല. എൻ്റെ ഈ മുഖവും രൂപവും കാരണം പല നല്ല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്. പ്രത്യേകിച്ച് സൂപ്പർസ്റ്റാറുകളുടെ നായികാവേഷങ്ങൾ. ഞാൻ അമ്മയെ ചീത്തപറയുമായിരുന്നു, ‘എന്നെ ചെറുപ്പത്തിലേ അഭിനയിപ്പിച്ചിട്ടല്ലേ, ഇല്ലെങ്കിൽ ഞാനിപ്പോൾ ഹീറോയിനായേനെയെന്ന്’.
പക്ഷേ, ഇന്ന് ഞാൻ പറയുന്നു, ബാലതാരമായത് നന്നായെന്ന്. ‘മൈ ഡിയർ കുട്ടിച്ചാത്തനും’ ‘നൊമ്പരത്തിപ്പൂവു’മൊക്കെ ഒരിക്കലും മറക്കാനാവാത്ത ഭാഗ്യങ്ങളാണ് തന്നത്. ഇപ്പോൾ അതിൻ്റെ വില മനസിലാവുന്നുണ്ട്.
38 വർഷം മുമ്പ് മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ ചിത്രമായി പ്രദർശിപ്പിച്ച ‘മൈഡിയർ കുട്ടിച്ചാത്തനി’ലെ ഒരേയൊരു നടിയാണ് ഞാൻ. എന്നെ കാണുമ്പോൾ മൈഡിയർ കുട്ടിച്ചാത്തനിലെ ലക്ഷ്‌മിയായിട്ട് ഇപ്പോഴും തിരിച്ചറിയുന്നവരുണ്ട്. അന്നെനിക്ക് ഏഴുവയസ്സാണ് പ്രായം,’സോണിയ ബോസ് പറയുന്നു.
Content Highlight: Sonia Bose About His Film Career