ടി.പിയെ പോലെ ഞങ്ങള്‍ക്കും മരണഭയമില്ല, ദൈവനിശ്ചയം ആര്‍ക്കും തടുക്കാന്‍ കഴിയില്ലല്ലോ; ഭീഷണിക്കത്തില്‍ തിരുവഞ്ചൂരിന്റെ മകന്‍
Kerala News
ടി.പിയെ പോലെ ഞങ്ങള്‍ക്കും മരണഭയമില്ല, ദൈവനിശ്ചയം ആര്‍ക്കും തടുക്കാന്‍ കഴിയില്ലല്ലോ; ഭീഷണിക്കത്തില്‍ തിരുവഞ്ചൂരിന്റെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th June 2021, 10:51 pm

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ പോലെ തന്നെ തങ്ങള്‍ക്കും മരണത്തെ ഭയമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വന്ന ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അര്‍ജുന്റെ പ്രതികരണം.

ഭീഷണിക്കത്തിന്റെ ഭാഷയെപ്പറ്റിയും ഉള്ളടക്കത്തെപ്പറ്റിയും തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ അത് ടി.പി. വധക്കേസിലെ പ്രതികളായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും അര്‍ജുന്‍ പറഞ്ഞു.

ഇത്തരം ഭീഷണി കത്തുകള്‍ ടി.പി. ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങള്‍ക്കും മരണ ഭയമില്ല. ദൈവനിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ലല്ലോ എന്നും അര്‍ജുന്‍ പറഞ്ഞു.

ഇനിയും അച്ഛന്‍ ധാര്‍മികമായും നിയമപരമായും സത്യസന്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകും എന്ന് തനിക്ക് ഉറപ്പുണ്ട്. അതിനു കുടുംബം എന്ന നിലയില്‍ തങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടാകുമെന്നും അര്‍ജുന്‍ ഫേസ്ബുക്കിലെഴുതി.

10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പടെ വധിക്കുമെന്നാണ് തനിക്ക് ലഭിച്ച കത്തിലെ ഭീഷണിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തില്‍ പറയുന്നു.

എം.എല്‍.എ. ഹോസ്റ്റലിലെ വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വധഭീഷണിക്ക് പിന്നില്‍ ടി.പി. കേസ് പ്രതികളാണെന്ന് സതീശന്‍ ആരോപിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രതികള്‍ക്ക് വിരോധമുണ്ടെന്നും വധഭീഷണിയില്‍ അടിയന്തരമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തില്‍ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Son of Thiruvanjoor Radhakrishnan about threatening letter got their family