കങ്കുവയല്ല, തമിഴ് പ്രേക്ഷകര്‍ കാന്താര പോലെ ആഘോഷിക്കേണ്ട സിനിമയെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
Indian Cinema
കങ്കുവയല്ല, തമിഴ് പ്രേക്ഷകര്‍ കാന്താര പോലെ ആഘോഷിക്കേണ്ട സിനിമയെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th October 2025, 7:14 pm

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നോട്ട് കുതിക്കുകയാണ് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 500 കോടിയാണ് ചിത്രം നേടിയത്.

കാന്താര വന്‍ വിജയം നേടിയതിന് പിന്നാലെ ചില തമിഴ് പേജുകള്‍ തങ്ങളും ഇത്തരം സിനിമകള്‍ മുമ്പ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. സൂര്യ നായകനായെത്തിയ കങ്കുവയാണ് കാന്താരക്ക് പകരം വെക്കാനുള്ള ചിത്രമായി ഇക്കൂട്ടര്‍ മുന്നോട്ടുവെക്കുന്നത്. പോസ്റ്റ് വൈറലായതോടെ പലരും കങ്കുവയെ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു.

എന്നാല്‍ കങ്കുവയല്ല, കാന്താരയുടെ റേഞ്ചില്‍ തമിഴില്‍ നിന്ന് വന്ന സിനിമ ആയിരത്തില്‍ ഒരുവനാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. തമിഴ് സിനിമാപ്രേമികള്‍ ആയിരത്തില്‍ ഒരുവനെ പരാജയപ്പെടുത്തിയെന്നും കാന്താരയെ ആഘോഷിക്കുന്നെന്നും അവകാശപ്പെടുന്നു. മാസ്റ്റര്‍പീസ് ചിത്രം പരാജയപ്പെടുത്തിയവര്‍ക്ക് മാപ്പില്ലെന്നും പോസ്റ്റില്‍ പറയുന്നു.

കങ്കുവയെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ചത് പരിഹാസങ്ങളായിരുന്നെങ്കില്‍ ആയിരത്തില്‍ ഒരുവനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും. ‘സിനിമയല്ല, പ്രേക്ഷകരാണ് പരാജയപ്പെട്ടത്’, ചരിത്രത്തെ വ്യത്യസ്തമായി ചിത്രീകരിച്ചതാണ് ചിത്രം പരാജയപ്പെടാന്‍ കാരണം’, ‘കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ’ എന്നിങ്ങനെയാണ് ആയിരത്തില്‍ ഒരുവനെ സപ്പോര്‍ട്ട് ചെയ്ത് വരുന്ന കമന്റുകള്‍.

2010ല്‍ പുറത്തിറങ്ങിയ ചിത്രം അന്ന് സാമ്പത്തികമായി വിജയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കള്‍ട്ട് ക്ലാസിക് സ്റ്റാറ്റസ് ആയിരത്തില്‍ ഒരുവന് ലഭിക്കുകയായിരുന്നു. ചിത്രത്തിന്റെ റീ റിലീസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ആയിരത്തില്‍ ഒരുവന്‍.

കാര്‍ത്തിയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രം ചരിത്രവും മിത്തും സമം ചേര്‍ത്ത് ഒരുക്കിയതാണ്. ആന്‍ഡ്രിയ, റിമ സെന്‍, പാര്‍ത്ഥിബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചോളരും പാണ്ഡ്യരും തമ്മിലുള്ള പോരാട്ടവും കാലങ്ങള്‍ക്കിപ്പുറമുള്ള അതിന്റെ തുടര്‍ച്ചയുമാണ് ചിത്രത്തിന്റെ കഥ. തമിഴിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് പലരും ആയിരത്തില്‍ ഒരുവനെ കണക്കാക്കുന്നത്.

Content Highlight: Some Tamil pages saying Ayirathil Oruvan movie deserved Kantara level success