ചിലർ എന്നെ കാണുമ്പോൾ 'സിജു വിൽസാ' എന്നാണ് വിളിക്കുന്നത്; അപ്പോൾ ടൊവിനോ ചേട്ടൻ്റെ പഴയ ഡയലോഗ് ഓർമ വരും: സിജു സണ്ണി
Entertainment
ചിലർ എന്നെ കാണുമ്പോൾ 'സിജു വിൽസാ' എന്നാണ് വിളിക്കുന്നത്; അപ്പോൾ ടൊവിനോ ചേട്ടൻ്റെ പഴയ ഡയലോഗ് ഓർമ വരും: സിജു സണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 9:09 pm

സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിജു സണ്ണി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതനായ സിജു സണ്ണി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലൂടെയാണ് ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയത്. ചിത്രത്തിലെ മുകേഷ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് വാഴ, ഗുരുവായൂരമ്പല നടയില്‍, വ്യസനസമേതം ബന്ധുമിത്രാദികൾ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മരണമാസ് എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലും സിജു തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സിജു അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ രോമാഞ്ചം സിനിമയെക്കുറിച്ച് സംസാരിക്കുകയായാണ് അദ്ദേഹം.

അഭിനയജീവിതത്തിൽ വഴിത്തിരിവായത് രോമാഞ്ചത്തിലെ കഥാപാത്രമാണെന്നും റീൽ കണ്ടിട്ടാണ് തന്നെ കാസ്റ്റ് ചെയ്തതെന്നും സിജു സണ്ണി പറയുന്നു. മികച്ച പുതുമുഖ നടനുള്ള സൈമ അവാർഡ് വാങ്ങാൻ പോയപ്പോൾ മുണ്ട് ഉടുത്തിട്ടാണ് പോയതെന്നും ആർക്കും തന്നെ അറിയില്ലെങ്കിലും രോമാഞ്ചം എന്ന് വിളിക്കുന്നുണ്ടായിരുന്നെന്നും അവർ പറഞ്ഞു. ചിലർ തന്നെ കണ്ടിട്ട് സിജു വിൽസാ എന്നുവിളിക്കുമെന്നും സിജു സണ്ണി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിനയജീവിതത്തിൽ വഴിത്തിരിവായത് രോമാഞ്ചത്തിലെ മഹേഷാണ്. റീൽ കണ്ടിട്ടാണ് എന്നെ കാസ്‌റ്റ് ചെയ്ത്. മികച്ച പുതുമുഖ നടനുള്ള സൈമ അവാർഡ് നേടി തന്നത് മഹേഷാണ്. എല്ലാവരും കോട്ട് ഇട്ടു പോകുന്ന പരിപാടിയാണല്ലോ സൈമ അവാർഡ്. എനിക്കതു സെറ്റാവില്ല. അവസാനം ഡൈ ചെയ്ത കേരള മുണ്ട് ഉടുത്തങ്ങ് പോയി. വിവിധ ഭാഷകളിലെ താരങ്ങൾ വരുന്ന പരിപാടിയാണ്.

ആർക്കും എൻ്റെ പേരറിയില്ലെങ്കിലും എന്നെ കാണുമ്പോൾ രോമാഞ്ചം എന്നു പറയുന്നുണ്ട്. അപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ. വാഴയിലെ അജോ തോമസും ഒരുപാട് പേർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു. മറ്റൊരു തമാശയുണ്ട്. ചിലർ ഓടി വന്നു കൈ തന്നിട്ട് ‘സിജു വിൽസാ…’ എന്നാണ് വിളിക്കുന്നത്. ടൊവിനോ ചേട്ടൻ്റെ പഴയ ‘മോനേ…. ഉണ്ണിമുകുന്ദാ’ മൊമന്റ് ഓർമ വരും,’ സിജു സണ്ണി പറയുന്നു.

Content Highlight: Some people call me Siju Wilson when they see me, at that time i remember Tovino’s Dialogue