ന്യൂദല്‍ഹി: സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധി അംഗീകരിക്കുന്നതായി സി.ബി.ഐ.
22 പ്രതികളെയും കുറ്റവിമുക്തരാക്കിയ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി ചോദ്യം ചെയ്യില്ലെന്ന് സി.ബി.ഐ ബുധനാഴ്ച മുംബൈ ഹൈക്കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങാണ് സി.ബി.ഐയുടെ നിലപാട് കോടതിയെ അറിയിച്ചത്.
ഗൂഢാലോചന നടന്നതിന് മതിയായ തെളിവുകളില്ലെന്നും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് 2018 ഡിസംബറിലായിരുന്നു പ്രത്യേക കോടതിയുടെ വിധി.
ഈ കോടതി വിധിയെ ചോദ്യം ചെയ്ത് സൊഹ്‌റാബുദീന്റെ സഹോദരന്മാരായ റുബാബുദീന്‍ ഷെയ്ഖും നയാബുദീന്‍ ഷെയ്ഖും 2019 ഏപ്രിലില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ വിധി റദ്ദാക്കി, പുനവിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.
വിചാരണക്കിടെ പിഴവ് സംഭവിച്ചെന്നായിരുന്നു ഹരജിക്കാരുടെ വാദം. മൊഴികള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഈ ഹരജിയിലെ വാദത്തിനിടെയാണ് കോടതി ഉത്തരവ് ചോദ്യം ചെയ്യില്ലെന്ന് സി.ബി.ഐ അറിയിച്ചത്.
അതേസമയം, മൊഴികള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്ത സാക്ഷികളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 15ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2006 നവംബറിലാണ് അഹമ്മദാബാദിന് സമീപത്തുവെച്ച് ഗുജറാത്ത് പൊലീസും രാജസ്ഥാന്‍ പൊലീസും സംയോജിച്ച് നടത്തിയ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദീന്‍ ഷെയ്ഖും പങ്കാളി കൗസര്‍ ബീയും കൊല്ലപ്പെട്ടത്. പിന്നീട് 2006 ഡിസംബറില്‍ കേസിലെ പ്രധാന ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഇതോടെയാണ് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന വാദം ശക്തമായത്. തുടര്‍ന്ന് സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. 2012ല്‍ കേസിന്റെ വിചാരണ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
2010ല്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കതാരിയ, മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ 38 ഉന്നതര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് 2014ല്‍ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് അമിത് ഷാ കേന്ദ്രമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.