സൊഹ്‌റാബുദ്ദീന്‍ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം, നേരിട്ട് തെളിവുകളില്ല; പ്രതികളെ വെറുതെവിട്ട വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു
national news
സൊഹ്‌റാബുദ്ദീന്‍ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം, നേരിട്ട് തെളിവുകളില്ല; പ്രതികളെ വെറുതെവിട്ട വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു
ആദര്‍ശ് എം.കെ.
Saturday, 9th May 2026, 10:21 am

 

മുംബൈ: സൊഹ്‌റാബുദ്ദീന്‍ ശൈഖ്, കൂട്ടാളി തുള്‍സിറാം പ്രജാപതി എന്നിവരെ ഏറ്റുമുട്ടലിലും സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ ഫാംഹൗസില്‍ വെച്ചും കൊലപ്പെടുത്തിയതിന് നേരിട്ട് തെളിവുകളില്ലെന്ന് ബോംബെ ഹൈകോടതി.

കേസില്‍ 21 പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേരെ വെറുതെവിട്ട സി.ബി.ഐ കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

സി.ബി.ഐ കോടതി വിധിക്കെതിരെ സൊഹ്‌റാബുദ്ദീന്റെ സഹോദരങ്ങള്‍ നല്‍കിയ ഹരജികള്‍ ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അന്‍ഖഡ് എന്നിവര്‍ വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയിലൂടെ തള്ളി.

സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് കെട്ടിപ്പടുത്തതെന്നും എന്നാല്‍ അത്തരം തെളിവുകളെ കൂട്ടിയിണക്കുന്ന കണ്ണികള്‍ ദുര്‍ബലമാണെന്നും കോടതി ചൂണ്ടിക്കാട്ടി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 16 പേരെ വിചാരണക്ക് മുമ്പ് കേസില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരായ ഹരജിയും കോടതി തള്ളി. വിചാരണ നേരിട്ടവര്‍ക്കെതിരെ ഉണ്ടായിരുന്ന അതേ തെളിവുകള്‍ തന്നെയാണ് ഇവര്‍ക്കെതിരെയും ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നോ സംഭവസമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്നോ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെ പ്രോസിക്യൂഷന്‍ കേസിന്റെ അടിത്തറ തകര്‍ന്നതായും കോടതി വ്യക്തമാക്കി.

2014 ഡിസംബറിലാണ് അമിത് ഷാ ഉള്‍പ്പെടെ 16 പേരെ വിചാരണ കൂടാതെ കോടതി കേസില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് വിചാരണ നേരിട്ട 21 പൊലീസുകാരെയും ഫാംഹൗസ് ഉടമയെയും 2018 ഡിസംബറില്‍ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിടുകയായിരുന്നു.

ഈ വിധി അന്തിമമാണെന്നാണ് ഹൈകോടതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2006 നവംബര്‍ 26നാണ് സൊഹ്റാബുദ്ദീന്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ഗുജറാത്ത് ഭീകര വിരുദ്ധ സേന സൊഹ്റാബുദ്ദീന്‍ കേസില്‍ വാദിച്ചിരുന്നത്.

ഭാര്യ കൗസര്‍ബിയോടൊപ്പം ഹൈദരാബാദില്‍ നിന്ന് പിടികൂടിയ സൊഹ്റാബുദ്ദീനെ ഗാന്ധിനഗറില്‍ വെച്ച് കൊല്ലുകയായിരുന്നു. നവംബര്‍ 28ന് കൗസര്‍ബിയെയും വധിച്ച് ജഡം കത്തിച്ച ശേഷം സംസ്‌കരിച്ചെന്നാണ് കേസ്.

എന്നാല്‍ സൊഹ്‌റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സൊഹ്റാബുദ്ദീനെതിരെ തൊടുത്ത വെടിയുണ്ടകളിലൊന്ന് തല തുരന്ന് പുറത്തുപോയി. പോയിന്റ് ബ്ലാങ്കിലാണ് തലക്ക് വെടിയുതിര്‍ത്തതെന്നും, മറ്റൊന്ന് കാല്‍മുട്ടിലിരിക്കുമ്പോഴോ, വീണ് കിടക്കുമ്പോഴോ മുകളില്‍ നിന്ന് താഴേക്ക് വെടിയുതിര്‍ത്തതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍വ്യക്തമാക്കുന്നുണ്ട്.

 

Content Highlight: Sohrabuddin Fake Encounter Case: Bombay High Court upholds acquittal of accused

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.