തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ സർക്കാർ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ കോൺഗ്രസ് മാധ്യമ വക്താവ് ജിന്റോ ജോൺ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 100 ശതമാനവും നീതി നിഷേധിക്കപ്പെട്ടതും മുൻ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതാക്കളെ വേട്ടയാടിയതും മറക്കരുതെന്ന് ഓർമ്മിപ്പിച്ച ജിന്റോ ജോൺ, സാധാരണ പ്രവർത്തകരുടെ ശിരസ് കുനിയുന്ന തരത്തിലുള്ള മറവികൾ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മുൻ സർക്കാരിനെ അളന്ന നാഴികൾ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവർ അതെല്ലാം മറന്നുപോയെന്ന് കുറിപ്പിൽ വിമർശിക്കുന്നു.
‘പിണറായി സർക്കാരിന്റെ മൂന്ന് അന്വേഷണ സംഘങ്ങൾ തെളിവില്ലെന്ന് പറഞ്ഞിട്ടും വിശ്വാസ്യതയില്ലാത്ത കത്തിന്റെ പേരിൽ ഉമ്മൻചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്തത് നേതാക്കൾ മറക്കരുതായിരുന്നു. പുനർജ്ജനി കേസിൽ വി.ഡി. സതീശനെയും മോൻസൺ മാവുങ്കൽ കേസിൽ കെ. സുധാകരനെയും കുടുക്കാൻ നോക്കിയതും, അർധരാത്രിയിൽ വിദ്യാർത്ഥി-യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതും, സംഘടിത കൊള്ളയ്ക്കെതിരെ ശബ്ദമുയർത്തിയ മാത്യു കുഴൽനാടന്റെ വീടും പറമ്പും തൊഴുത്തും വരെ അളന്ന് കേസുകളിൽ പെടുത്തിയതും നേതാക്കൾ സൗകര്യപൂർവം മറക്കുകയാണോ’ എന്നും അദ്ദേഹം ചോദിക്കുന്നു.
കുന്നംകുളത്തെ സുജിത്തിനും നവകേരള സദസിനിടെ രക്ഷാപ്രവർത്തനം നേരിട്ട യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർക്കും ക്രൂരമർദനവും ജയിൽവാസവും കിട്ടിയപ്പോൾ അധികാരം ലഭിച്ചവർ മറവിയിലേക്ക് കൂപ്പുകുത്തുകയാണ്. പതിനായിരക്കണക്കിന് പിൻവാതിൽ നിയമനക്കാരും ബോർഡ്-കോർപ്പറേഷൻ സഖാക്കളും ഇപ്പോഴും അധികാരം അനുഭവിക്കുമ്പോൾ പിണറായിക്കാലം മറക്കുന്ന നേതാക്കളുടെ സമീപനം സങ്കടകരമാണെന്നും, സാധാരണ സി.പി.ഐ.എമുകാർ പോലും ആഗ്രഹിക്കാത്ത ആനുകൂല്യങ്ങൾ മാസപ്പടിക്കാർക്ക് ദാനം നൽകരുതെന്നും ജിന്റോ പറഞ്ഞു.
‘വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കാത്തത് സ്വാഗതാർഹമാണെങ്കിലും, സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിക്കുന്ന വിധമുള്ള അമാന്തവും അനാവശ്യ സാവകാശവും ജനങ്ങളിൽ സംശയമുണ്ടാക്കും. മാസപ്പടിയുടെ ‘കാരണഭൂതന്റെ’ കൈപിടിച്ച് കരകയറ്റുന്ന രീതിയിലാകരുത് സർക്കാരിന്റെ ഇടപെടലുകൾ. രാഹുൽ ഗാന്ധിയും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉയർത്തിയ ആരോപണങ്ങൾ ഏറ്റുവിളിച്ച് തൊണ്ടപൊട്ടിയ സാധാരണ പ്രവർത്തകരുടെ തല താഴ്ത്തുന്ന രീതിയിലാകരുത് നിലപാടുകൾ. കോടതിയിൽ തോറ്റാലും ജയിച്ചാലും അഡ്വക്കേറ്റ് ജനറലിന് ശമ്പളവും അധികാര സൗഹൃദങ്ങളും ലഭിക്കുമെന്നും, എന്നാൽ നിരത്തിൽ മറുപടി പറയാനാകാതെ നാണംകെടുന്നത് സാധാരണ പ്രവർത്തകരാണെന്നും’ അദ്ദേഹം പോസ്റ്റിൽ പറയുന്നു.
മാസപ്പടിയും ഹവാലയും ഫ്യൂച്ചർ ബിസിനസും നടത്തിയ വീണയും പിണറായി വിജയനും മുഹമ്മദ് റിയാസും അതിന് നിയമപരമായി മറുപടി പറയട്ടെ എന്നും, രാഷ്ട്രീയമായി തോറ്റവരുടെ പാപഭാരം കോൺഗ്രസിന്റെ ഖദറിൽ കെട്ടിവെക്കേണ്ടതില്ലെന്നും ജിന്റോ ജോൺ തുറന്നടിച്ചു.
അഭയ കേസിൽ കള്ളനായ അടയ്ക്കാ രാജുവിന്റെ മൊഴിയാണ് നിർണായകമായത്. ഇവിടെ ഹരജിക്കാരനായ കെ.എം. ഷാജഹാനോട് വിയോജിപ്പുണ്ടെങ്കിൽ പോലും പിണറായിയേക്കാൾ മെറിറ്റ് അദ്ദേഹത്തിനുണ്ടെന്നും, അദ്ദേഹത്തെ ‘ശല്യക്കാരനായ വ്യവഹാരി’ എന്ന് മുദ്രകുത്താൻ സർക്കാർ വക്കീൽ കാണിച്ച ആവേശം കടന്ന കരുതലാണെന്നും കുറിപ്പിൽ പരിഹസിക്കുന്നു.
സർക്കാർ എല്ലാവരുടേതുമാകണം, എന്നാൽ പ്രത്യേകമായി പിണറായിയുടേതെന്ന് തോന്നരുത്. സ്വന്തം പാർട്ടി അണികൾക്ക് പോലും വേണ്ടാത്ത മാസപ്പടിക്കാരെ വെളുപ്പിച്ചെടുക്കാൻ നിൽക്കരുതെന്നും, പിണറായി സർക്കാരിന്റെ വിദൂര സാമ്യങ്ങൾ പോലും ജനങ്ങൾ വിചാരണ ചെയ്യുമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് ജിന്റോ ജോൺ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സർക്കാരിന്റെ നിലപാടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇത്തരമൊരു ശക്തമായ വിമർശനം ഉയർന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Content Highlight:Soft stance towards Pinarayi; must not forget that justice was denied to Oommen Chandy’: Congress media spokesperson Jinto John against the government.
