യോഗി ആദിത്യനാഥിനെതിരെ കേസുകള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനെ ബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്തു
national news
യോഗി ആദിത്യനാഥിനെതിരെ കേസുകള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനെ ബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 8:08 am

ഗോരഖ്പൂര്‍: യോഗി ആദിത്യനാഥിനെതിരെ ക്രിമിനല്‍ കേസുകള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റു ചെയ്തു. അറുപത്തിനാലുകാരനായ പര്‍വേസ് പര്‍വാസിനെയാണ് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തത്. 2007 മുതല്‍ ആദിത്യനാഥിനെതിരെ വിവിധ കേസുകള്‍ നടത്തുന്നയാളാണ് പര്‍വാസ്.

പര്‍വാസും സുഹൃത്തായ ജുമ്മാനും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നായി തെളിഞ്ഞതായി പൊലീസ് പറയുന്നു. അറസ്റ്റു ചെയത് പര്‍വാസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Also Read: ഇന്ത്യയിലെ രാഷ്ട്രീയം വൃത്തികെട്ടതാണ്; തനിക്ക് ഒരു പാര്‍ട്ടിയോടും ചായ്‌വില്ലെന്നും ബാബ രാംദേവ്

 

വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരിലാണ് പര്‍വേസ് ആദിത്യനാഥിനും മറ്റു ചിലര്‍ക്കുമെതിരെ കേസ് കൊടുത്തിരുന്നത്. 2007ല്‍ ആദിത്യനാഥ് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന അക്രമസംഭവങ്ങള്‍ക്കു കാരണമായി എന്നായിരുന്നു പരാതി.

കേസില്‍ ആദിത്യനാഥിനെതിരെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും, ഇത് സെഷന്‍സ് കോടതി മരവിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയെയും, ശേഷം സുപ്രീം കോടതിയെയും സമീപിച്ചിരിക്കുകയായിരുന്നു പര്‍വേസ്.