ഡയലോഗുകള്‍ വ്യക്തമല്ല, സൗബിന്‍ സി.ബി.ഐയിലെ മിസ്‌കാസ്റ്റ്: ട്രോളി സോഷ്യല്‍ മീഡിയ
Entertainment news
ഡയലോഗുകള്‍ വ്യക്തമല്ല, സൗബിന്‍ സി.ബി.ഐയിലെ മിസ്‌കാസ്റ്റ്: ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th June 2022, 8:58 pm

മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദ ബ്രെയിന്‍ മേയ് ഒന്നിനായിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ 12 നാണ് നെറ്റ് ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടങ്ങിയത്.

സ്ട്രീമിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ രീതിയിലുള്ള ട്രോളുകളാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഏറ്റുവാങ്ങുന്നത്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ സൗബിന്‍ ഷാഹിര്‍ എത്തിയിരുന്നു.

ചിത്രത്തിലെ ഏറ്റവും വലിയ മിസ്‌കാസ്റ്റ് ആയി സോഷ്യല്‍ മീഡിയ ചൂണ്ടി കാണിക്കുന്നത് സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ്, പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ല, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയിലും സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിലെ സൗബിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതുമാണ്.

അതേസമയം സി.ബി.ഐ 5 ദ ബ്രെയിനിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നതായും അത് ഒരു പരിധി വരെ നടന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ കെ.മധു തിയേറ്റര്‍ റിലീസിന് ശേഷം പറഞ്ഞിരുന്നു.

രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

Content Highlight : Social media says soubin is a miss cast in  Mammooty`s Cbi 5