തഗ് ലൈഫ് ഒഴിവാക്കിയ 'ലക്കി ദുല്‍ഖര്‍', ആദ്യ ഷോയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഡി.ക്യൂ
Entertainment
തഗ് ലൈഫ് ഒഴിവാക്കിയ 'ലക്കി ദുല്‍ഖര്‍', ആദ്യ ഷോയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഡി.ക്യൂ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 4:39 pm

മണിരത്‌നം- കമല്‍ ഹാസന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന കാരണത്താല്‍ പ്രേക്ഷകരില്‍ പ്രതീക്ഷ ജനിപ്പിച്ച സിനിമയായിരുന്നു തഗ് ലൈഫ്. ഒപ്പം എ.ആര്‍. റഹ്‌മാനും വമ്പന്‍ താരനിരയുമായപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാകുമെന്ന് തഗ് ലൈഫിനെ പലരും പ്രശംസിച്ചു. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

തഗ് ലൈഫ് ശരാശരി അഭിപ്രായം സ്വന്തമാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ്. ചിത്രത്തില്‍ സിലമ്പരസന്‍ ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ദുല്‍ഖറിനെയായിരുന്നു. ദുല്‍ഖറിനെ തഗ് ലൈഫിലേക്ക് അണിയറപ്രവര്‍ത്തകര്‍ ക്ഷണിക്കുന്ന പോസ്റ്റര്‍ വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ പിന്നീട് താരം തഗ് ലൈഫില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു പലരും ഈ തീരുമാനത്തെ വിലയിരുത്തിയത്. തഗ് ലൈഫിന്റേതായി പിന്നീട് വന്ന അപ്‌ഡേറ്റുകളില്‍ കമല്‍ ഹാസനൊപ്പം സിലമ്പരസന്‍ നിറഞ്ഞുനിന്നപ്പോള്‍ പലരും ഇക്കാര്യം ശരി വെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ പലരും ദുല്‍ഖറിന്റെ തീരുമാനത്തെ അംഗീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പഴകിത്തേഞ്ഞ കഥയില്‍ ദുല്‍ഖറിനെപ്പോലൊരു താരത്തിന് ഒന്നും ചെയ്യാനില്ലായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തഗ് ലൈഫിന് പകരം ദുല്‍ഖര്‍ ചെയ്ത ലക്കി ഭാസ്‌കറാകട്ടെ താരത്തിന് ഒരുപാട് നേട്ടങ്ങള്‍ സമ്മാനിച്ചു.

കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമാണ് ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും താരത്തെ തേടിയെത്തി. രണ്ട് സംസ്ഥാനങ്ങളുടെ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മലയാളനടനാണ് ദുല്‍ഖര്‍. പൃഥ്വിരാജാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യതാരം.

എന്നാല്‍ ദുല്‍ഖര്‍ ഭാഗമായപ്പോള്‍ തഗ് ലൈഫിന്റെ കഥ ഇങ്ങനെ അല്ലായിരുന്നെന്നും സിലമ്പരസന്റെ സ്റ്റാര്‍ഡത്തിന് അനുസരിച്ച് മണിരത്‌നം സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തിയതാണെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദുല്‍ഖര്‍ മാത്രമല്ല, രവി മോഹനും തഗ് ലൈഫില്‍ നിന്ന് ഒഴിവായിരുന്നു. അശോക് സെല്‍വനാണ് രവിക്ക് പകരമായി ചിത്രത്തില്‍ വേഷമിട്ടത്.

Content Highlight: Social Media saying that Dulquer Salman’s decision was right to opt out from Thug Life movie