കൗരവര്‍ ഞങ്ങളും കണ്ടതാ ലോകേഷേ, കൂലി ഒ.ടി.ടി റിലീസിന് പിന്നാലെ 'വമ്പന്‍ ട്വിസ്റ്റി'നെ ട്രോളി സോഷ്യല്‍ മീഡിയ
Indian Cinema
കൗരവര്‍ ഞങ്ങളും കണ്ടതാ ലോകേഷേ, കൂലി ഒ.ടി.ടി റിലീസിന് പിന്നാലെ 'വമ്പന്‍ ട്വിസ്റ്റി'നെ ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th September 2025, 8:53 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു കൂലി. രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ വമ്പന്മാര്‍ കൂടി അണിനിരന്നപ്പോള്‍ തമിഴിലെ ആദ്യത്തെ 1000 കോടി എന്ന നേട്ടം കൂലി സ്വന്തമാക്കുമെന്ന് പലരും കണക്കുകൂട്ടി. എന്നാല്‍ ആദ്യ ഷോക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങള്‍ വന്നത് ചിത്രത്തെ വലിയ രീതിയില്‍ ബാധിച്ചു.

ആദ്യ നാല് ദിവസത്തില്‍ 400 കോടി നേടിയ ചിത്രത്തിന് പിന്നീട് 510 കോടിയില്‍ കളക്ഷന്‍ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ഇടയ്ക്കിടെ മാസ് മൊമന്റുകള്‍ ഉണ്ടായിരുന്നെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ കൂലിക്ക് തിരിച്ചടിയായി മാറി. ലോകേഷ് എന്ന സംവിധായകന്റെ ഏറ്റവും മോശം തിരക്കഥയായി പലരും കൂലിയെ കണക്കാക്കുകയായിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ പലരും കീറിമുറിക്കുകയാണ്.

ചിത്രത്തില്‍ വലിയ ട്വിസ്റ്റെന്ന രീതിയില്‍ ലോകേഷ് അവതരിപ്പിച്ച രംഗമായിരുന്നു ശ്രുതി ഹാസനും രജിനികാന്തും തമ്മിലുള്ള ബന്ധം. സത്യരാജിന്റെ മൂന്ന് പെണ്‍മക്കളില്‍ ഒരാളായാണ് ശ്രുതി ഹാസനെ കാണിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തായ രാജശേഖറിനെയും തന്റെ പങ്കാളിയെയും ഉപേക്ഷിച്ച് രജിനിയുടെ ദേവ എന്ന കഥാപാത്രം ഒളിവില്‍ പോയത്.

30 വര്‍ഷത്തിന് ശേഷം സുഹൃത്തായ രാജശേഖര്‍ മരിച്ചെന്ന് അറിയുകയും അയാളുടെ മരണത്തിന് കാരണക്കാരായവരെ ദേവ കണ്ടുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അന്വേഷണത്തിനിടയില്‍ രാജശേഖറിന്റെ മൂന്ന് പെണ്‍മക്കളിലൊരാള്‍ തന്റെ മകളാണെന്ന് ദേവയോട് രാജശേഖറിന്റെ സഹായി പറയുന്നുണ്ട്.

മൂന്നുപേരില്‍ ആരാണ് തന്റെ മകളെന്നറിയാതെ ദേവ കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയും ഒടുവില്‍ ശ്രുതി ഹാസന്‍ അവതരിപ്പിച്ച പ്രീതി തന്റെ മകളാണെന്ന് നായകന്‍ തിരിച്ചറിയുകയും ചെയ്യുന്നു. എന്നാല്‍ താനാണ് അച്ഛനെന്ന സത്യം പ്രീതിയെ അറിയിക്കാതെയാണ് ദേവ തിരിച്ചുപോകുന്നത്. വളരെ ഇമോഷണലായി അവതരിപ്പിക്കാന്‍ ശ്രമിച്ച ഈ ഭാഗം ലോകേഷ് കോപ്പിയടിച്ചതാണ് എന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ കൗരവര്‍ എന്ന സിനിമയുടെ കഥയെ അതേപടി പകര്‍ത്തി ലോകേഷ് അവതരിപ്പിച്ചെന്നാണ് ചിലര്‍ ആരോപിക്കുന്നത്. കൗരവര്‍ ഫുള്‍ എച്ച്.ഡിയാണെങ്കില്‍ കൂലി അതിന്റെ 144p വേര്‍ഷനാണ് എന്നാണ് ചിലര്‍ ട്രോളുന്നത്. ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്ന ലോകേഷിന് ഇത് എന്ത് പറ്റിയെന്നാണ് ഒ.ടി.ടി റിലീസിന് പിന്നാലെ ഉയരുന്ന ചോദ്യം. എന്നാല്‍ അടുത്ത സിനിമയിലൂടെ ശക്തമായി തിരിച്ചുവരുമെന്നാണ് ലോകേഷ് ഫാന്‍സ് വിശ്വസിക്കുന്നത്.

Content Highlight: Social Media saying Lokesh stolen the twist of Coolie movie from Kauravar