ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുന്നു എന്ന വാര്‍ത്തയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നും പുറത്തിക്കിയതിലും ബി.സി.സി.ഐയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ തീരുമാനം.
തങ്ങള്‍ ലോകകപ്പ് മുഴുവനായും ബഹിഷ്‌കരിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നുമാണ് പി.സി.ബി വ്യക്തമാക്കിയത്.
പാകിസ്ഥാന്റെ തീരുമാനം സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നിലപാടിന്റെ ശക്തിയല്ല, തോല്‍വി ഭയന്നുള്ള ഒളിച്ചോട്ടമാണ് മത്സരം ബഹിഷ്‌കരിക്കാന്‍ കാരണമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
‘ഇനിയൊരു ഹ്യുമിലിയേഷന്‍ പാകിസ്ഥാന് താങ്ങാനാകില്ല’, ‘ഇന്ത്യയോട് കളിക്കുന്നതും റാവല്‍പിണ്ടി എക്‌സ്പ്രസിന് തലവെക്കുന്നതും ഒരുപോലെയാണെന്ന് പാകിസ്ഥാന് മനസിലായിക്കാണും’, ‘നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് തീരുമാനിച്ചെങ്കിലും അതേ ഗ്രൂപ്പില്‍ തന്നെ യു.എസ്.എ ഉണ്ടെന്ന കാര്യം പച്ചപ്പട മറന്നു’, തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അതേസമയം, പാകിസ്ഥാന്റെ തീരുമാനത്തെ പിന്തുണച്ചും കമന്റുകളെത്തുന്നുണ്ട്. ബി.സി.സി.ഐയെ മാത്രം ഫേവര്‍ ചെയ്യുന്ന ഐ.സി.സിയുടെ നിലപാടിനെതിരെ പാകിസ്ഥാന്‍ ഉറച്ചുനില്‍ക്കണമെന്നും ബി.സി.സി.ഐ ഐ.സി.സിയെ പൂര്‍ണമായും വിഴുങ്ങിക്കളഞ്ഞെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.
അതേസമയം, ഇന്ത്യക്കെതിരെ കളിക്കില്ലെന്ന പാകിസ്ഥാന്റെ നിലപാട് ടീമിന് വന്‍ തിരിച്ചടി സമ്മാനിക്കുമെന്ന് തീര്‍ച്ചയാണ്. ഇന്ത്യയ്ക്ക് വെറുതെ പോയിന്റ് സമ്മാനിക്കുന്നതിനൊപ്പം പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിലും വന്‍ ഇടിവുണ്ടാകും.
രണ്ട് ടീമുകള്‍ക്ക് ഒരേ പോയിന്റാണെങ്കില്‍ നെറ്റ് റണ്‍ റേറ്റ് കണക്കാക്കിയാകും പോയിന്റ് പട്ടികയില്‍ സ്ഥാനം ലഭിക്കുക. മുന്നോട്ടുള്ള യാത്രയ്ക്കും ഇതേ മാനദണ്ഡമാകും ഉണ്ടാവുക. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍ റേറ്റിലെ കുറവിന് പാകിസ്ഥാന വലിയ വില കൊടുക്കേണ്ടി വന്നേക്കും.
മത്സരം ബഹിഷ്‌കരിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ 20 ഓവറും ബാറ്റ് ചെയ്‌തെന്നും പൂജ്യം റണ്‍സ് നേടിയെന്നുമാണ് കണക്കാക്കുക. സൂപ്പര്‍ 8ലേക്കുള്ള സാധ്യതയും കുറയും.
ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും പാകിസ്ഥാന് വിജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിലേക്കും കാര്യങ്ങളെത്തും.
മോശം കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളോ കൊണ്ട് മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും ടീമിന് തിരിച്ചടിയാകും നേരിടേണ്ടി വരിക. ഒരുപക്ഷേ പിഴയടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണെങ്കില്‍ മറ്റൊരു തരത്തിലും പാകിസ്ഥാന് തിരിച്ചടി നേരിടേണ്ടി വരും.
Content Highlight: Social Media reacts to Pakistan’s decision to boycott match against India