തിരുവനന്തപുരം: ഭൂമി കുംഭകോണ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയ ബി.ജെ..പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച്
സോഷ്യൽ മീഡിയ.
വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയും മാധ്യമപ്രമർത്തകർക്ക് സൂപ്പർ വട്ടാണെന്ന് ആംഗ്യഭാഷയിൽ കാണിക്കുകയും ചെയ്താണ് രാജീവ് ചന്ദ്രശേഖർ ഭൂമി കുംഭകോണത്തിന്റെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയത്.
പേഴ്‌സണലി യാതൊരു ക്വാളിറ്റിയും ഇല്ലാത്ത മനുഷ്യനാണ് രാജീവ് ചന്ദ്രശേഖറെന്ന് കണ്ടാൽ മനസിലാകുമെന്നും ഇങ്ങനെ പോയാൽ അദ്ദേഹം കേരളത്തിന്റെ മാധ്യമപ്രവർത്തകരെ കാണില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ മൻകിബാത്തിലാവും സംസാരിക്കുകയെന്നും സോഷ്യൽ മീഡിയിൽ ചിലർ അഭിപ്രായപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ബി.ജെ..പി സംസ്ഥാന അധ്യക്ഷൻ പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ. പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് അദ്ദേഹത്തിനെതിരായി ഉയരുന്നത്.
രാജീവ് ചന്ദ്രശേഖറിന് അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആവാനുള്ള യോഗ്യത ഉണ്ടെന്നും ബി.ജെ.പിക്കാർ ഈ സുവർണാവസരം ഉപയോഗപ്പെടുത്തണമെന്നുമായിരുന്നു ഒരു കമന്റ്. ശരിക്കും വട്ട് പിടിച്ചത് ബി.ജെ.പിക്കാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
കമന്റുകൾക്കു പുറമെ, ‘എനിക്ക് മലയാളം പരയാനും അറിയാം സർക്കാർ ഭൂമി മറിച്ച് വിൽക്കാനും അരിയാം,’ തുടങ്ങിയ സിനിമ ഡയലോഗുകളിലൂടെയും മീമുകളും പോസ്റ്റുകളും സോഷ്യൽ മീഡിയകളിൽ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാപകമായി ഉയരുന്നുണ്ട്. ‘ചന്ദ്രനിൽ ഒരു തുണ്ട് ഭൂമി അതും ശേഖരേട്ടന്റെ മകന്റെ….ഒടുങ്ങാത്ത ആഗ്രഹമെന്നാണ്’ മറ്റൊരു മീം.
കഴിഞ്ഞ ദിവസം കർണാടകയിൽ വ്യാവസായിക ആവശ്യത്തിന് നൽകുന്ന ഭൂമി പാട്ടത്തിനായെടുത്ത് മറിച്ചു വിറ്റെന്ന ഗുരുതരമായ ആരോപണം രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ അഭിഭാഷകനായ കെ.എൻ ജഗദേഷ് കുമാർ സുപ്രീം കോടതിക്കും കർണാടക ഹൈകോടതിക്കും പരാതി നൽകിയിരുന്നു.
രാജീവ് ചന്ദ്രശേഖറിന് പുറമെ ഭാര്യ അഞ്ജു രാജീവ് ചന്ദ്രശേഖർ, സഹോദരൻ അജിത് നമ്പ്യാർ, ഭാര്യാപിതാവ് ഗോപാൽ നമ്പ്യാർ എന്നിവർക്കെതിരെയാണ് അഭിഭാഷകന്റെ പരാതി. കൂടാതെ 2006 ൽ പാട്ടഭൂമി വിൽക്കാനുള്ള അധികാരം ബി.പി.എല്ലിന് നൽകിയ അന്നത്തെ ബി.ജെ.പി മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡുവിനെതിരെയും പരാതി നൽകിയിരുന്നു.
Content Highlight: Social media mocks Rajeev Chandrasekhar for avoiding questions from journalists on land scam