'വയനാട്ടിലേത് ചെറിയോരു സാങ്കേതിക പ്രശ്‌നം; പിടിച്ചതിനെക്കാളും വലുതാണല്ലോ അളയില്‍'; ഒ.ജെ. ജനീഷിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
Kerala
'വയനാട്ടിലേത് ചെറിയോരു സാങ്കേതിക പ്രശ്‌നം; പിടിച്ചതിനെക്കാളും വലുതാണല്ലോ അളയില്‍'; ഒ.ജെ. ജനീഷിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2025, 9:09 pm

കോഴിക്കോട്: വയനാട്ടിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ് നല്‍കിയ പ്രതികരണത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ജില്ലയിൽ  സ്ഥലം ഏറ്റെടുക്കുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ഒ.ജെ. ജനീഷ് ഇന്ന് (വ്യാഴം) രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇതിനുപിന്നാലെ ജനീഷിനെ പരിഹസിച്ച് മുന്‍ മാധ്യമപ്രവര്‍ത്തകനായ കെ.ജെ. ജേക്കബ്, അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ പ്രേം കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ‘സാങ്കേതികമായി പിടിച്ചതിനെക്കാളും വലുതാണല്ലോ അളയില്‍…,’ എന്നാണ് കെ.ജെ. ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘വയനാട്ടിലെ സ്ഥലവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതുമാറിയാല്‍ വീടുപണിയും, സര്‍ക്കാര്‍ വീടുകൊടുക്കുന്നതിനൊപ്പം യൂത്ത് കോണ്‍ഗ്രസും കൊടുക്കും. തറക്കല്ല്? അത് മാസാവസാനം രാഹുല്‍ ഗാന്ധി ഇട്ടതാണല്ലോ. ഏതു മാസാവസാനം? ഏതു മാസത്തിനും അവസാനമുണ്ടല്ലോ,’ എന്നായിരുന്നു കെ.ജെ. ജേക്കബിന്റെ പോസ്റ്റ്.

‘ചെറിയോരു സാങ്കേതിക പ്രശ്‌നം. ചെന്നിത്തല മുഖ്യമന്ത്രിയാവേണ്ടതായിരുന്നു. തോറ്റ സീറ്റിന്റെ എണ്ണം ലേശം കൂടിപ്പോയതാണ്. ചെറിയോരു സാങ്കേതിക പ്രശ്‌നം.,’ എന്ന് കുറിച്ചുകൊണ്ടാണ് പ്രേം കുമാറിന്റെ പരിഹാസം. കെ. സുധാകരന്‍ പ്രസിഡന്റ് ആയി ഇരിക്കേണ്ടതായിരുന്നു. പിണറായിയെ രാജിവെപ്പിച്ചത് ലേശം കൂടിപ്പോയതാണ്. ചെറിയോരു സാങ്കേതിക പ്രശ്‌നമെന്നും പ്രേം കുമാര്‍ കുറിച്ചു.

‘യൂത്ത് ഇലക്ഷന്‍ സ്മൂത്തായി നടക്കേണ്ടതായിരുന്നു.
വോട്ടര്‍ ഐ.ഡി കോപ്പിയത് ഇത്തിരി കൂടിപ്പോയതാണ്.
ചെറിയോരു സാങ്കേതിക പ്രശ്‌നം.

മാങ്കൂട്ടത്തില്‍ യൂത്ത് പ്രസിഡന്റായിരിക്കേണ്ടതായിരുന്നു.
പാരാസെറ്റമോള്‍ സേവിക്കുന്നത് ലേശം കൂടിപ്പോയതാണ്.
ചെറിയോരു സാങ്കേതിക പ്രശ്‌നം.

കുഴല്‍ നാടന്റെ കേസില്‍ പിണറായിയെ തൂക്കേണ്ടതായിരുന്നു.
കോടതികള്‍ കണ്ടം വഴി ഓടിച്ചുകളഞ്ഞതാണ്.
ചെറിയോരു സാങ്കേതിക പ്രശ്‌നം.

അബിന്‍ വര്‍ക്കി യൂത്ത് പ്രസിഡന്റാവേണ്ടതായിരുന്നു.
കെ.സിയുടെ ഇഷ്ടം ലേശം കൂടിപ്പോയതാണ്.
ചെറിയോരു സാങ്കേതിക പ്രശ്‌നം.

അപ്പച്ചന്‍ ഡി.സി.സി പ്രസിഡന്റായിരിക്കേണ്ടതായിരുന്നു.
കാശുവാങ്ങി പറ്റിക്കല്‍സ് ലേശം വഷളായിപ്പോയതാണ്.
ചെറിയോരു സാങ്കേതിക പ്രശ്‌നം.

വയനാട്ടിലെ വീടിന്റെ പണി തീരേണ്ടതായിരുന്നു.
പിരിവെടുത്ത് പുട്ടടിക്കല്‍പ്പണി ലേശം ഏറിപ്പോയതാണ്.
ചെറിയോരു സാങ്കേതിക പ്രശ്‌നം,’ എന്നും പ്രേം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി ആളുകള്‍ ഈ പോസ്റ്റുകള്‍ക്ക് താഴെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ പരിഹസിച്ച് പ്രതികരിക്കുന്നുണ്ട്. സാങ്കേതികമായി ഒരു പ്രസിഡന്റ് അത്രേയുള്ളൂ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഈ സാങ്കേതിക പ്രശ്‌നം എന്ന വാക്ക് ഇല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ എത്ര കഷ്ടപ്പെടേണ്ടി വന്നേനെ എന്നാണ് മറ്റൊരു രസകരമായ കമന്റ്.

‘പണം അത് തങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. അത് തങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെയുണ്ട്. പിന്നെ താമസിക്കുന്നത് അത് സാങ്കേതികം മാത്രം ന്യൂ പ്രസിഡന്റ്… ആള് കൊള്ളാം,’ എന്നാണ് മറ്റൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒ.ജെ. ജനീഷിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ജനീഷ് പറയുന്നത് പച്ച നുണയാണെന്നറിഞ്ഞിട്ടും മാധ്യമങ്ങള്‍ വല്ലതും ചോദിച്ചോ എന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്.

Content Highlight: Social media mocked OJ Janeesh