Malayalam Cinema
മിസ്കാസ്റ്റ് ആണെന്ന് പറഞ്ഞ് ട്രോളിയ കഥാപാത്രം; എന്നാൽ ചിത്രത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നെന്ന് പ്രേക്ഷകർ
2026 ലെ ആദ്യ ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ ചിത്രമാണ് ‘ചത്താ പച്ചാ’. അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ശേഷം ഒ.ടി.ടി റിലീസിലൂടെയും ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. ലോകപ്രശസ്ത റിങ് റെസ്‌ലിങ് ഷോയായ ഡബ്ല്യൂ. ഡബ്ല്യൂ. ഇയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം അതിന്റെ സംഘട്ടന രംഗങ്ങളാലും മേക്കിങ്ങാലും ശ്രദ്ധേയമായിരുന്നു.
കാമിയോ വേഷത്തിൽ മമ്മൂട്ടി എത്തുന്നുവെന്ന വാർത്ത തന്നെ ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിരുന്നു. അതെ ഹൈപ്പ് തന്നെയാണ് റിലീസിന് ശേഷമാവും ചിത്രത്തിന് ലഭിച്ചത്. അർജുൻ അശോകൻ, വിശാഖ് നായർ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ താരങ്ങളുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ചത്താ പച്ചാ, Photo: IMDb
എന്നാൽ ഒ.ടി.ടി റിലീസിന് പിന്നാലെ ഇഷാൻ ഷൗക്കത്ത് അവതരിപ്പിച്ച ‘ലിറ്റിൽ’ എന്ന കഥാപാത്രത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയർന്നത്. ഒരുകൂട്ടം പ്രേക്ഷകർ കഥാപാത്രം മിസ്കാസ്റ്റ് ആണെന്നും ആവശ്യത്തിന് പ്രകടനം വന്നില്ലെന്നും അഭിപ്രായപ്പെട്ടപ്പോൾ, മറുവശത്ത് വലിയ പിന്തുണയും ഉയർന്നു. ഇഷാൻ കഥാപാത്രത്തോട് പൂർണ നീതി പുലർത്തിയെന്നും അനാവശ്യ വിമർശനമാണ് ഉയരുന്നതെന്നും പ്രേക്ഷകർ അഭിപ്രായപെടുകയാണ്.
സത്യത്തിൽ ഈ സിനിമയിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത് ഇഷാനാണ്, ലിറ്റിൽ എന്ന കഥാപാത്രത്തെ ഏറെ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചു, എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മുമ്പ് ‘പടക്കളം’ സിനിമ പുറത്തിറങ്ങിയപ്പോഴും സമാനമായ രീതിയിൽ ഇഷാനെ വിമർശിച്ചതായി ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ചത്താ പച്ചാ, Photo: YouTube/ Screengrab
ചിത്രത്തിൽ ‘വാൾട്ടർ’ എന്ന കഥാപാത്രമായി കാമിയോ റോളിൽ മമ്മൂട്ടി എത്തിയിരുന്നുവെങ്കിലും, റിലീസിന് പിന്നാലെ ആ അവതരണത്തെക്കുറിച്ചും ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ആവശ്യമില്ലാത്ത വിമർശനങ്ങളാണ് ഇരു താരങ്ങൾക്കെതിരെയും ഉയരുന്നതെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
ധർമ എന്റർടൈന്മെന്റ്റ്സ്, മൈത്രി മൂവി മേക്കേഴ്‌സ്, വേഫറർ ഫിലിംസ് എന്നിവരാണ് ചിത്രത്തിന്റെ വിതരണക്കാർ. റീൽ വേൾഡ് എന്റർടെയ്ൻമെൻ്റ്സ് നിർമിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ബോളിവുഡ് സംഗീതസംവിധായകരായ ശങ്കർ- എഹ്‌സാൻ-ലോയ് ആണ്.
ഒ.ടി.ടി റിലീസിന് ശേഷവും ‘ചത്താ പച്ചാ’ ചർച്ചകളിൽ നിറഞ്ഞുനിൽക്കുമ്പോൾ, ഇഷാൻ ഷൗക്കത്തിന്റെ പ്രകടനവും കാമിയോ റോളിലെത്തിയ മമ്മൂട്ടിയുടെ അഭിനയവും ഇന്നും ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്.
Content Highlight: Social media is discussing the character Little in the movie Chatha Pacha.
നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.