മോഹൻലാൽ നായകനായെത്തിയ ദൃശ്യം 3 തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുമ്പോഴും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ ശ്രദ്ധനേടുകയാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ പ്രേക്ഷകർക്ക് നൽകിയ അതേ അനുഭവം മൂന്നാം ഭാഗം നൽകുന്നില്ലെന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിലെ മാറ്റമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയാകുന്നത്.
ദൃശ്യം 3, Photo;Mohanlal/ Facebook
‘ജോർജ്‌കുട്ടി ഇപ്പോൾ സമ്പന്നനായി മാറിയിട്ടുണ്ട്. പക്ഷേ ആദ്യ രണ്ട് ഭാഗങ്ങളിൽ ഉണ്ടായിരുന്ന ആ സാധാരണക്കാരന്റെ നിഷ്കളങ്കതയും കുടുംബത്തോടുള്ള ഇമോഷണൽ കണക്ഷനും മൂന്നാം ഭാഗത്തിൽ അത്ര ശക്തമായി അനുഭവപ്പെട്ടില്ല’ എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ആദ്യ ഭാഗത്തിൽ കേബിൾ ടി.വി ഓപ്പറേറ്ററായിരുന്ന ജോർജ്‌കുട്ടിയുടെ ജീവിതവും കുടുംബബന്ധങ്ങളും പ്രേക്ഷകർക്ക് ഏറെ റിലേറ്റബിൾ ആയിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ആ ഫീൽ കുറവാണെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്.
അതേസമയം, ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലെ ത്രില്ലിങ് മുഹൂർത്തങ്ങൾ മികച്ചതായിരുന്നുവെന്നും ചിലർ കുറിക്കുന്നു. ‘ദൃശ്യം എന്ന ബ്രാൻഡിനോടും മോഹൻലാലിനോടും ഉള്ള ഇഷ്ടം കൊണ്ടാണ് സിനിമ അവസാനം വരെ ആസ്വദിച്ച് കണ്ടത്.
അവസാന അരമണിക്കൂർ നല്ല രീതിയിൽ എൻഗേജ് ചെയ്‌തു’ എന്ന തരത്തിലുള്ള അഭിപ്രായങ്ങളും വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.
ചിത്രത്തിൽ സംഭാഷണങ്ങളുടെ അളവ് കൂടുതലായിരുന്നുവെന്നും ചില പ്രേക്ഷകർ വിമർശിക്കുന്നു. ‘ഇത്രയും ഡയലോഗുകൾ നിറഞ്ഞ സിനിമ അടുത്തിടെയൊന്നും കണ്ടിട്ടില്ല’ എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
ആദ്യ ഭാഗങ്ങളിലുണ്ടായിരുന്ന സ്വാഭാവികത മൂന്നാം ഭാഗത്തിൽ കുറവാണെന്നും, സിനിമയുടെ അവതരണത്തിൽ ഒരു ആർട്ടിഫിഷ്യൽ ഫീൽ അനുഭവപ്പെട്ടുവെന്നുമാണ് ചിലരുടെ വിമർശനം.
പ്രത്യേകിച്ച് മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന്റെ മേക്കപ്പിനെയും എക്സ്പ്രഷനുകളെയും കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നുണ്ട്. ‘ആദ്യ ഭാഗങ്ങളിൽ ചില രംഗങ്ങളിൽ മാത്രം ആർട്ടിഫിഷ്യൽ തോന്നിയിരുന്നെങ്കിലും മൂന്നാം ഭാഗത്തിൽ സിനിമ മുഴുവൻ അത്തരമൊരു ഫീൽ ഉണ്ടായിരുന്നു’ എന്നാണ് ചില പ്രേക്ഷകർ പറയുന്നത്.
എന്നിരുന്നാലും, മോഹൻലാലിന്റെ പ്രകടനവും ജീത്തു ജോസഫിന്റെ കഥപറച്ചിലുമാണ് ചിത്രത്തിന്റെ പ്രധാന ശക്തിയെന്നാണ് ആരാധകരുടെ മറ്റൊരു വിഭാഗം വിലയിരുത്തുന്നത്. റിലീസിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്ന ദൃശ്യം 3 ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം തുടരുകയാണ്.
Content Highlight: Social media has become a hot topic of discussion on Drishyam 3.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.