ആവശ്യത്തിന് മാത്രം മതി ജോർജ്‌കുട്ടിക്ക് ജോസിനെയും രാജനെയും; ദൃശ്യം 3 ചർച്ചയാക്കി സോഷ്യൽ മീഡിയ
Malayalam Cinema
ആവശ്യത്തിന് മാത്രം മതി ജോർജ്‌കുട്ടിക്ക് ജോസിനെയും രാജനെയും; ദൃശ്യം 3 ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Friday, 29th May 2026, 1:28 pm

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ‘ദൃശ്യം 3’. മോഹൻലാൽ ജന്മദിനമായ മെയ് 21 ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ തിരക്കഥയെയും ക്ലൈമാക്സിനെയും പ്രശംസിക്കുന്നവരുണ്ടെങ്കിലും, ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

പ്രധാനമായും ജോർജ്‌കുട്ടി തന്റെ കുടുംബത്തെ രക്ഷിക്കാൻ എന്തും ചെയ്യുന്ന ആളാണെങ്കിലും, അതിന്റെ ഭാഗമായി ദുരിതത്തിലായ മറ്റുള്ളവരെ പിന്നീട് അവഗണിക്കുന്നുവെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിമർശനം.

പ്രത്യേകിച്ച് ജോസും രാജനും പോലുള്ള കഥാപാത്രങ്ങളെയാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

ദൃശ്യം 3, Photo: Mohanlal/ Facebook

‘ദൃശ്യം 2’ൽ വരുണിന്റെ മൃതദേഹം പൊലീസ് സ്റ്റേഷനിൽ ജോർജ്‌കുട്ടി കുഴിച്ചിട്ടിട്ടുണ്ടെന്ന് മൊഴി നൽകിയ കഥാപാത്രമാണ് ജോസ്. സത്യം പറഞ്ഞതിന്റെ പിന്നാലെ ജോസിന്റെയും കുടുംബത്തിന്റെയും ജീവിതം വലിയ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നതെന്ന് മൂന്നാം ഭാഗത്തിൽ സൂചിപ്പിക്കുന്നു.

അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയാകുന്നത് രാജൻ എന്ന കഥാപാത്രമാണ്. ജോർജ്‌കുട്ടിക്കായി പല പ്രതിസന്ധികളും നേരിട്ട രാജൻ പിന്നീട് ജോലി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും മകളുടെ പഠനം മുടങ്ങുകയും ചെയ്യുന്നു. അതിന്റെ മാനസിക സമ്മർദത്തിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന മകൾക്ക് ശബ്ദം നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.

ഇതെല്ലാം സംഭവിച്ചിട്ടും രാജന്റെ കുടുംബത്തിന് കാര്യമായ സഹായം ജോർജ്‌കുട്ടി നൽകുന്നില്ലെന്നാണ് വിമർശനം. തന്റെ കുടുംബത്തെ തകർക്കാൻ ആരോ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടർന്ന് അന്വേഷിച്ചുപോകുമ്പോഴാണ് രാജന്റെ അവസ്ഥയെക്കുറിച്ച്‌ ജോർജ് കുട്ടി അറിയുന്നതും താൻ അവനെ അവഗണിച്ചുവെന്ന കുറ്റബോധവും ജോർജ്‌കുട്ടിക്ക് ഉണ്ടാകുന്നത്.

എന്നാൽ അതുവരെ രാജൻ അനുഭവിച്ച കഷ്ടപ്പാടുകൾ പല പ്രേക്ഷകരെയും മാനസികമായി ബാധിച്ചുവെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.

ദൃശ്യം2, Photo: YouTube/ Screengrab

‘സ്വന്തം കുടുംബത്തെ രക്ഷിക്കാൻ മറ്റുള്ളവരുടെ ജീവിതം തകരുന്നതിൽ ജോർജ്‌കുട്ടിക്ക് വലിയ വിഷമമില്ല, ആവശ്യത്തിന് മാത്രം ആളുകളെ ഉപയോഗിക്കുന്ന സ്വഭാവമാണ് ജോർജ്‌കുട്ടിയുടേത് എന്നിങ്ങനെയുള്ള കമന്റുകളാണ് നിരവധി സിനിമാഗ്രൂപ്പുകളിലും പേജുകളിലും നിറയുന്നത്.

അതേസമയം, ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെ ഈ സ്വാർത്ഥത തന്നെയാണ് ‘ദൃശ്യം’ സീരീസിനെ കൂടുതൽ യാഥാർത്ഥ്യബോധമുള്ളതാക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

പൂർണമായും നല്ലവനോ മോശക്കാരനോ അല്ലാത്ത ഒരു മനുഷ്യനെയാണ് ജീത്തു ജോസഫ് അവതരിപ്പിച്ചതെന്നാണ് അവരുടെ വിലയിരുത്തൽ.

ചിത്രത്തെക്കുറിച്ചുള്ള ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങളും ചർച്ചകളും തുടരുന്നതിനിടെ, ‘ദൃശ്യം 3’ തിയേറ്ററിൽ വമ്പൻ കുതിപ്പ് തുടരുകയാണ്.

Content Highlight: Social media has become a hot topic of discussion on Drishyam 3.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.