ഒടിയന്‍ മുതല്‍ ബറോസ് വരെ, ഡിസംബറിലെ മോഹന്‍ലാല്‍ + ബിഗ് ബജറ്റ് സിനിമകളുടെ ലിസ്റ്റിലേക്ക് വൃഷഭയും, ആരാധകര്‍ക്ക് നെഞ്ചിടിപ്പ്
Malayalam Cinema
ഒടിയന്‍ മുതല്‍ ബറോസ് വരെ, ഡിസംബറിലെ മോഹന്‍ലാല്‍ + ബിഗ് ബജറ്റ് സിനിമകളുടെ ലിസ്റ്റിലേക്ക് വൃഷഭയും, ആരാധകര്‍ക്ക് നെഞ്ചിടിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th November 2025, 5:33 pm

ഈ വര്‍ഷം മേയില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ച് പിന്നീട് പലതവണ റിലീസ് മാറ്റിവെക്കേണ്ടി വന്ന ചിത്രമാണ് വൃഷഭ. മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 21ന് പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ അവസാനിക്കാത്തതിനാല്‍ ഡിസംബര്‍ 25ലേക്ക് റിലീസ് മാറ്റുകയാണെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൃഷഭ ചര്‍ച്ചാവിഷയമായി മാറി. ഇതിന് മുമ്പ് ഡിസംബറില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു. ലിസ്റ്റില്‍ ആദ്യത്തെ ചിത്രം ഒടിയനാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രം ആരാധകരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.

ഡിസംബര്‍ 14ന് റിലീസായ ചിത്രം കേരളത്തില്‍ ആദ്യദിനം റെക്കോഡ് കളക്ഷനായിരുന്നു ലഭിച്ചത്. പിന്നീട് ബോക്‌സ് ഓഫീസില്‍ ചിത്രം വീഴുകയായിരുന്നു. റിലീസിന് മുമ്പ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളെല്ലാം റിലീസിന് ശേഷം ട്രോള്‍ മെറ്റീരിയലായി മാറി. വന്‍ ബജറ്റിലെത്തിയ ചിത്രത്തെ ട്രോളന്മാര്‍ ഇന്നും വലിച്ചുകീറുന്നുണ്ട്. ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്കോവറും പിന്നീട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമായിരുന്നു.

ലിസ്റ്റിലെ രണ്ടാമത്തെ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്. കൊവിഡ് കാരണം രണ്ട് വര്‍ഷത്തോളം വൈകി റിലീസായ മരക്കാര്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു. റിലീസിന് മുമ്പ് മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മരക്കാര്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഡിസംബര്‍ രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ബറോസും ഡിസംബര്‍ റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. 2024ലെ ക്രിസ്മസ് ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബാറോസ്. പൂര്‍ണമായും ത്രീ.ഡിയിലൊരുങ്ങിയ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി. 150 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 18 കോടി മാത്രമാണ് നേടാനായത്.

ബാറോസിന്റെ ഒന്നാം വാര്‍ഷികത്തില്‍ റിലീസ് ചെയ്യുന്ന വൃഷഭയുടെ ബോക്‌സ് ഓഫീസ് റിസല്‍ട്ട് എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. 100 കോടിയിലേറെ ബജറ്റിലാണ് വൃഷഭ ഒരുങ്ങുന്നത്. ഡിസംബറും ബിഗ് ബജറ്റും മോഹന്‍ലാലിന് അത്ര നല്ല കോമ്പോയല്ല എന്ന ധാരണ ഇത്തവണ തെറ്റുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

എന്നാല്‍ ബിഗ് ബജറ്റ് സിനിമകള്‍ക്ക് മാത്രമേ ഇങ്ങനെയുള്ളൂവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 12 വര്‍ഷം മുമ്പ് ഒരു ഡിസംബറില്‍ റിലീസായ മോഹന്‍ലാലിന്റെ കൊച്ചു ഫാമിലി ചിത്രം ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലായി മാറിയിരുന്നു. ജീത്തു ജോസഫിന്റെ ദൃശ്യം 2013ലെ ക്രിസ്മസ് റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്.

Content Highlight: Social media discussion on Vrushabha’s release date