കൃഷന്ദുമില്ല, ദിലീഷ് പോത്തനുമില്ല, മേജര്‍ രവിയുമൊത്ത് മോഹന്‍ലാല്‍ സിനിമ ചെയ്യുന്നതില്‍ നിരാശരായി ആരാധകര്‍
Malayalam Cinema
കൃഷന്ദുമില്ല, ദിലീഷ് പോത്തനുമില്ല, മേജര്‍ രവിയുമൊത്ത് മോഹന്‍ലാല്‍ സിനിമ ചെയ്യുന്നതില്‍ നിരാശരായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th November 2025, 4:47 pm

നടനെന്ന നിലയിലും താരമെന്ന നിലയിലും ഈ വര്‍ഷം തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരമാണ് മോഹന്‍ലാല്‍. യുവ സംവിധായകര്‍ക്കൊപ്പമാകും താരം ഇനി കൈകോര്‍ക്കുകയെന്ന് ആരാധകര്‍ വിശ്വസിക്കുകയും ചെയ്തു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യുടെ തിരക്കിലാണ് നിലവില്‍ മോഹന്‍ലാല്‍. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടിലും മോഹന്‍ലാലാണ് നായകന്‍.

കഴിഞ്ഞ കുറച്ച് കാലമായി മോഹന്‍ലാല്‍ പുതിയ സംവിധായകരുമായി കൈകോര്‍ക്കുന്നു എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളസിനിമയെ മറ്റൊരു ലെവലിലെത്തിച്ച കൃഷന്ദ്, ദിലീഷ് പോത്തന്‍ എന്നിവരുമായിട്ടാകും മോഹന്‍ലാലിന്റെ അടുത്ത സിനിമകള്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്ന പ്രൊജക്ട് മേജര്‍ രവിയുമൊത്തുള്ളതാണ്.

ഓപ്പറേഷന്‍ സിന്ദൂറിനെ ആസ്പദമാക്കിയാണ് തന്റെ അടുത്ത ചിത്രമെന്ന് മേജര്‍ രവി അടുത്തിടെ പറഞ്ഞിരുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇതാണ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച കാര്യം. സോഷ്യല്‍ മീഡിയയില്‍ പലരും ഈ കോമ്പോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കൃഷന്ദ്, ദിലീഷ് പോത്തന്‍ പോലുള്ള ഇന്റര്‍നാഷണല്‍ ലെവലുള്ള സംവിധായകരെ വിട്ടിട്ട് മേജര്‍ രവിക്കൊപ്പം എന്തിനാണ് സിനിമ ചെയ്യുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച അവസാനത്തെ മൂന്ന് സിനിമകളും ബോക്‌സ് ഓഫീസില്‍ വിജയിച്ചിട്ടില്ല. ഇതാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കുന്ന കാര്യം. കഴിവുള്ള യുവ സംവിധായകര്‍ ഒരുപാട് പേര്‍ മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവരെ പരിഗണിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ താനാണ് നായകനെന്ന് മോഹന്‍ലാല്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. നിലവില്‍ മൂന്ന് സിനിമകളുടെ തിരക്കിലാണ് മോഹന്‍ലാല്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റില്‍ ഒരു ഷെഡ്യൂള്‍ കൂടി മോഹന്‍ലാലിന് ബാക്കിയുണ്ട്. ദൃശ്യം 3യുടെ ഷൂട്ട് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മകള്‍ വിസ്മയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുടക്കത്തിലും മോഹന്‍ലാല്‍ ഭാഗമാകുന്നുണ്ട്.

ഈ മൂന്ന് സിനിമകള്‍ക്ക് ശേഷം താരം ഓസ്റ്റിന്‍ ഡാനുമായിട്ടുള്ള പ്രൊജക്ടിലേക്ക് കടക്കുമെന്നാണ് വിവരം. പൊലീസ് ചിത്രമായാണ് L365 ഒരുങ്ങുന്നത്. ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. തുടരും എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ജേക്‌സ് ബിജോയ്- മോഹന്‍ലാല്‍ കോമ്പോ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും L365നുണ്ട്.

Content Highlight: Social media discussing that  Fans are upset on Mohanlal Major Ravi project