സിനിമയെ പിന്തുണക്കുക, സെന്‍സര്‍ ബോര്‍ഡിനെ ബഹിഷ്‌കരിക്കുക; പാര്‍വതിയുടെ 'വര്‍ത്തമാന'ത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധ ക്യാംപെയ്ന്‍
Entertainment
സിനിമയെ പിന്തുണക്കുക, സെന്‍സര്‍ ബോര്‍ഡിനെ ബഹിഷ്‌കരിക്കുക; പാര്‍വതിയുടെ 'വര്‍ത്തമാന'ത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധ ക്യാംപെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th December 2020, 7:55 am

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വര്‍ത്തമാനം സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. Support Cinema, Say No To CBFC (സിനിമയെ പിന്തുണക്കുക, സെന്‍സര്‍ ബോര്‍ഡിനെ ബഹിഷ്‌കരിക്കുക) എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

‘സുവ്യക്തമായ വര്‍ഗ്ഗീയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് ആര്യാടന്‍ ഷൗക്കത്ത് നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത, ‘വര്‍ത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ അതിശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നു.’ ക്യാംപെയ്‌നിന്റെ ഭാഗമായുള്ള ഒരു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി സിനിമാ പാരഡൈസോ ക്ലബും രംഗത്തെത്തിയിരുന്നു. വെള്ളരിക്കാപ്പട്ടണം എന്ന അവസ്ഥയിലേക്കാണ് മീഡിയ/ ആര്‍ട്‌സ് സെന്‍സറിംഗ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘മുസ്‌ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാന്‍ സാധിക്കില്ലേ? സര്‍ക്കാരിന് എതിരെ സമരം ചെയ്തവരുടെ കഥ സിനിമ ആക്കുന്നത് രാജ്യ ദ്രോഹം ആവുന്നത് എങ്ങനെയാണ്?. രാജ്യത്തു സിനിമ സെന്‍സറിംഗ് എന്നത് ഫാസിസ്റ്റുകള്‍ക്കു തങ്ങളുടെ അജണ്ട കുത്തിവയ്ക്കാനുള്ള ഉപാധി ആയി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ഒരു കല/സിനിമ പ്രേമിക്കും എന്നു വേണ്ട പൊതുജനത്തിന് പോലും നോക്കി നില്‍ക്കാനാവുന്ന കാര്യമല്ല’, ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്തായ ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദല്‍ഹി ക്യാംപസിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു.

വര്‍ത്തമാനകാലത്ത് ചര്‍ച്ച ചെയ്യേണ്ട സിനിമയാണ് വര്‍ത്തമാനം എന്നും അതിനാല്‍ സിനിമയില്‍ നിന്നും ഒന്നും അടര്‍ത്തി മാറ്റേണ്ടതില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചിരുന്നു. മത പ്രശ്നം ഉണ്ടാക്കുന്ന സിനിമയല്ല മറിച്ച് വര്‍ത്തമാന കാലത്തെ കോര്‍ത്തിണക്കി കൊണ്ടുള്ള സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് സെന്‍സര്‍ ബോര്‍ഡ് വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും പ്രദര്‍ശനം തടയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല. അതേസമയം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കളിലൊരാള്‍ അറിയിച്ചതായി 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social media campaign against Censor board on denying screening to actress Parvathy starring movie Varthamanam