ലോകഃ ചാപ്റ്റർ വൺ ചന്ദ്രയിലൂടെ പാൻ ഇന്ത്യൻ സെൻസേഷനായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ലോകഃക്ക് ശേഷം കല്യാണി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ജീനി. നവാഗതനായ അർജുനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രവി മോഹനാണ് നായകൻ. കൃതി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എന്നാൽ ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ വിവിധ തരത്തിലുള്ള ചർച്ചകളും ആരംഭിച്ചിരുന്നു. ഗ്ലാമറസായി എത്തിയ കല്യാണിയിൽ നിന്നും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ലെന്നും അനിയത്തിയെപ്പോലെയായിരുന്നു കണ്ടിരുന്നതെന്നുമുള്ള പോസ്റ്റുകളായിരുന്നു വന്നിരുന്നത്.
എന്നാലിപ്പോൾ വർഷങ്ങൾക്ക് മുമ്പ് മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയിൽ നടി ശോഭന സംസാരിക്കുന്ന പഴയ അഭിമുഖമാണ് വൈറലാകുന്നത്.
തെലുങ്ക് സിനിമയിൽ ഐറ്റം ഡാൻസ് ചെയ്തതിൽ കുറ്റബോധമുണ്ടോയെന്ന അവതാരകന്റെ ചോദിക്കുമ്പോൾ ഒരിക്കലും ഇല്ലെന്നായിരുന്നു ശോഭനയുടെ മറുപടി.അത് ഫിലിം കൾച്ചറിന്റെ ഭാഗം തന്നെയാണെന്നും ശോഭന വിശദീകരിക്കുന്നുണ്ട്. നമ്മളുടേത് കമേർഷ്യൽ സിനിമയോ ആർട്ട് സിനിമയോ അല്ല, ഇന്ത്യൻ സിനിമ എന്ന് വെച്ചാൽ എല്ലാത്തിന്റെയും കൂടി ഒരു കൂട്ടിച്ചേർക്കലാണെന്നും അത് അക്‌സെപ്റ്റ് ചെയ്യാനും നടി പറഞ്ഞുവെക്കുന്നുണ്ട്.
അവതാരകന് പിന്നെയൊന്നും ചോദിക്കാനില്ലാത്ത വിധത്തിലായിരുന്നു അന്നത്തെ ശോഭനയുടെ മറുപടി. വർഷങ്ങൾക്ക് മുൻപ് തന്നെ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട് കൃത്യമായ കാഴ്ചപ്പാടുള്ള നടിമാർ നമുക്കിടയിലുണ്ടായിരുന്നു. എന്നാൽ കല്യാണിയോടുള്ള ചില സദാചാര ആങ്ങളമാരുടെ ചോദ്യം നമ്മെ ഓർമിപ്പിക്കുന്നത് സമൂഹത്തിലെ ചിലരുടെ കാഴ്ചപ്പാടുകൾക്ക് മാറ്റം വന്നിട്ടില്ലെന്ന് തന്നെയാണ്.
കുറച്ച് ദിവസം മുമ്പ് വരെ കിളിയെ കിളിയേ എന്ന പാട്ടിനൊപ്പം കല്യാണിയുടെ ഫോട്ടോ വെച്ചിട്ടുള്ള റീലുകൾ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവർ തന്നെയാണ് ജീനിലെ ഐറ്റം ഡാൻസ് പുറത്തിറങ്ങിയപ്പോൾ വിമർശിച്ചത്. എന്നാൽ കല്യാണി ഇതിന് മറുപടിയായി പറഞ്ഞത്, കരിയറിൽ ആദ്യമായി ഗ്ലാമറസായിട്ടുള്ള ഗാനംരംഗം ചെയ്യുന്നതിൽ താൻ എക്സൈറ്റഡാണെന്നാണ്. ആർട്ടിസ്റ്റെന്ന നിലയിൽ തനിക്ക് ചെയ്യാൻ പറ്റില്ലെന്ന് കരുതുന്ന കാര്യം ചെയ്യുന്നതിൽ ത്രിൽഡാണെന്നും സംവിധായകൻ ഇക്കാര്യം പറഞ്ഞപ്പോൾ താൻ അമ്പരന്നെന്നും കല്യാണി പറഞ്ഞിരുന്നു.
ഇപ്പോഴും മലയാളികളുടെ സദാചാരബോധത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് കല്യാണിക്ക് നേരെയുള്ള സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
Content Highlight: Social Media attack against Kalyani and Years back Shobhana’s Respond