മഹാവീര്യര്‍ എടുക്കാനുള്ള എബ്രിഡ് ഷൈന്റെയും നിവിന്റെയും ധൈര്യത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
Entertainment news
മഹാവീര്യര്‍ എടുക്കാനുള്ള എബ്രിഡ് ഷൈന്റെയും നിവിന്റെയും ധൈര്യത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st July 2022, 3:58 pm

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ ജൂലൈ 21നാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും.

മലയാള സിനിമ കണ്ട് ശീലിക്കാത്ത തരത്തിലുള്ള പരീക്ഷണ ചിത്രം എന്ന നിലയിലാണ് ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം എത്തിയ നിവിന്‍ പോളി ചിത്രമായത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകര്‍ ചിത്രം കണ്ടത്. പ്രതീക്ഷകള്‍ക്ക് ഒപ്പം തന്നെ ചിത്രം ഉയര്‍ന്നു എന്നാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നത്.

എബ്രിഡ് ഷൈന്റെയും നിവിന്‍ പോളിയുടെയും മഹാവീര്യര്‍ ചെയ്യാനുള്ള ധൈര്യത്തെയാണ് സോഷ്യല്‍ മീഡിയയില്‍ മിക്കവരും പ്രശംസിക്കുന്നത്. മലയാളത്തില്‍ ഒട്ടും പരിചയമില്ലാത്ത കഥപറിച്ചില്‍ രീതി പ്രേക്ഷകര്‍ക്ക് മനസിലാകുന്ന ലളിതമായ ഭാഷയില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു എന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപെടുന്നു.

ചിത്രത്തിലെ ആസിഫ് അലിയുടെയും, ലാലു അലക്‌സിന്റെയും പ്രകടനത്തെ അഭിനന്ദിക്കുന്നവരുമുണ്ട്. നിവിനോടൊപ്പം ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയെഴുതിയതും എബ്രിഡ് ഷൈനാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്രസംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight : Social media appreciating Abrid shine and Nivin pauly for taking Mahaveeryar