മറ്റു നടന്മാരെ പോലെ കാരവാനിൽ ഒതുങ്ങി നിൽക്കുന്ന ആളല്ല രാജു, സ്വയം പാകപ്പെടുത്തിയെടുത്തതാണ്: ഷാജി കൈലാസ്
Entertainment news
മറ്റു നടന്മാരെ പോലെ കാരവാനിൽ ഒതുങ്ങി നിൽക്കുന്ന ആളല്ല രാജു, സ്വയം പാകപ്പെടുത്തിയെടുത്തതാണ്: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st July 2022, 3:48 pm

വലിയൊരു ഇടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് കടുവ. പൃഥിരാജുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രി വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.

കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പൃഥിരാജിനെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കൈലാസ്. രാജു സ്വയം പാകപ്പെടുത്തിയെടുത്ത നടനാണെന്നും മറ്റു നടന്മാരെ പോലെ ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോൾ കാരവാനിൽ ഒതുങ്ങി നിൽക്കുന്ന ആളല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘രാജു സ്വയം പാകപ്പെടുത്തിയെടുത്ത നടനാണ്. അഭിനയമായാലും സംവിധാനമായാലും അദ്ദേഹം ഒറ്റക്ക് നേടിയെടുത്തതാണ്. മറ്റു നടന്മാരെ പോലെ ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോൾ കാരവാനിൽ ഒതുങ്ങി നിൽക്കുന്ന നടനല്ല രാജു. അദ്ദേഹം വെളിയിലേക്ക് ഇറങ്ങി ക്രൂ എന്താണ് ചെയ്യുന്നതെന്ന് നോക്കാറുണ്ട്.

ഈ സ്ക്രിപ്റ്റ് എങ്ങനെയാണ് എടുക്കുന്നത്, എടുത്താൽ എങ്ങനെയുണ്ടാകുമെന്നൊക്കെ നോക്കാറുണ്ട്. അതൊരു ഇന്റലിജന്റ് ആർട്ടിസ്റ്റിനെ പറ്റുകയുള്ളൂ. നല്ല ഐ.ക്യൂ ഉള്ള ആളായിട്ടാണ് ഞാൻ എന്റെ സഹോദരനെ കാണുന്നത്.

വളരെ വേഗമാണ് അദ്ദേഹം സീനുമായി പൊരുത്തപ്പെടുന്നത്. എളുപ്പത്തിൽ അദ്ദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും. ക്യാമറാമാനും ഡയറക്ടറും എന്താണ് ഉദ്ദേശിക്കുന്നതെന്നതിനെ കുറിച്ച് അദ്ദേഹത്തിന് പൂർണബോധ്യമുണ്ട്. അതുകൊണ്ടാണ് വളരെ ഈസിയായി അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ പറ്റുന്നത്. നമുക്ക് കൂടുതലായി ഒന്നും ചെയ്‌തുകൊടുക്കേണ്ട ആവശ്യമില്ല,’ ഷാജി കൈലാസ് പറഞ്ഞു.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Shaji Kailas says that Prithviraj  is not confined to a caravan like other actors, he is self-made