സംവിധായകന് ആഡംബര കാര്‍, സംവിധാന സഹായികള്‍ക്ക് ബൈക്ക്, പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി: കമല്‍ഹാസന്‍ സ്‌റ്റൈലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
Entertainment news
സംവിധായകന് ആഡംബര കാര്‍, സംവിധാന സഹായികള്‍ക്ക് ബൈക്ക്, പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി: കമല്‍ഹാസന്‍ സ്‌റ്റൈലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th June 2022, 8:45 pm

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ലോകേഷ് ചിത്രം വിക്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിലൂടെ ഏറെ കാലത്തിന് ശേഷം ഉലക നായകന്‍ തിരിച്ച് വന്നിരിക്കുകയാണ്. രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രം നിര്‍മിച്ചത്.

ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ കൃത്യമായ പ്രൊമോഷന്‍ കമല്‍ ഹാസന്‍ വിക്രമിന് വേണ്ടി നടത്തിയിരുന്നു. കേരളത്തിലും, മുംബൈയിലും, ദുബായിലും തുടങ്ങി കോലാലംപൂരില്‍ വരെ വിക്രത്തിന്റെ പ്രൊമോഷന്‍ വലിയ രീതിയിലാണ് നടന്നത്.

ചിത്രം റിലീസായി പ്രേക്ഷകര്‍ ഏറ്റെടുത്തത്തോടെ ആ സന്തോഷവും കമല്‍ ഹാസന്‍ മറച്ചു വെച്ചില്ല. ചിത്രം സംവിധാനം ചെയ്ത ലോകേഷിന് രണ്ടര കോടിയുടെ ആഡംബര കാറും, സംവിധാന സഹായികള്‍ക്ക് ബൈക്കുമാണ് താരം സമ്മാനമായി നല്‍കിയത്.

ഇതിനോടപ്പം തന്നെ വിക്രം സ്വീകരിച്ച എല്ലാ ഭാഷയിലെയും പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുള്ള വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.

മുന്‍പൊന്നും കേട്ടു കേള്‍വിയില്ലാത്ത ഈ നന്ദി പ്രകടനത്തിനും, പാരിതോഷികത്തിനുമെല്ലാം കമല്‍ ഹാസനെ പ്രശംസിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.

പടം ഹിറ്റ് ആയപ്പോള്‍ നന്ദി പോസ്റ്ററില്‍ മാത്രം ഒതുക്കാതെ പടം വിജയിക്കാന്‍ കാരണമായ ഓരോ ആളുകളോടും നന്ദിയും സ്‌നേഹവും അറിയിക്കുന്ന കമല്‍ സാര്‍ തുടങ്ങി വെച്ചിരിക്കുന്നത് പുതിയൊരു തുടക്കമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിക്രം സിനിമയുടെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight : Social media appreciates Kamal Hasan for gifts given to lokesh and vikram movie assistant diectors