'വാസു അണ്ണനെ കടത്തിവെട്ടാൻ ചോരക്കണ്ണൻ എത്തി'; ദൃശ്യത്തിലെ സഹദേവനെയും ചർച്ചയാക്കി സോഷ്യൽ മീഡിയ
Malayalam Cinema
'വാസു അണ്ണനെ കടത്തിവെട്ടാൻ ചോരക്കണ്ണൻ എത്തി'; ദൃശ്യത്തിലെ സഹദേവനെയും ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Sunday, 31st May 2026, 11:55 am

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. മോഹൻലാൽ വീണ്ടും ജോർജ്‌കുട്ടിയായി എത്തിയ ചിത്രത്തിന് റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ കഥയും അവതരണവും ചർച്ചയാകുന്നതിനൊപ്പം, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രമാണ്.

ദൃശ്യം 3, Photo: IMDb

ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽ പ്രേക്ഷകരിൽ ഭയം ജനിപ്പിച്ച കഥാപാത്രമായിരുന്നു സഹദേവൻ. അതിലൂടെ തന്നെ കഥാപാത്രത്തിന്റെ ക്രൂരതയും പ്രതികാര മനോഭാവവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നു. എന്നാൽ ദൃശ്യം 3 യിലെ സഹദേവന്റെ കഥാപാത്രം വേണ്ടത്ര ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്ന ഘട്ടത്തിലാണ് സഹദേവന്റെ റീ-എൻട്രി. ഈ രംഗം തിയേറ്ററുകളിൽ വലിയ കൈയടികൾ നേടുകയും പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കഥാപാത്രത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ആദ്യഭാഗത്തിൽ കണ്ട അതേ തീവ്രതയും ഭീഷണിയും സഹദേവനിൽ കാണാനായില്ലെന്നാണ് പലരുടെയും അഭിപ്രായം.

പ്രത്യേകിച്ച് കഥാപാത്രത്തിനായി നൽകിയ മേക്കപ്പാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. മദ്യപാനിയായും മാനസികമായി തകർന്ന വ്യക്തിയായും സഹദേവനെ അവതരിപ്പിക്കാനായി കണ്ണുകൾ ചുവപ്പിച്ച ലുക്ക് നൽകിയിരുന്നെങ്കിലും അത് പലർക്കും കൃത്രിമമായി തോന്നിയെന്നാണ് വിമർശനം. ആദ്യഭാഗത്തിൽ ഒരു നോട്ടം കൊണ്ടുതന്നെ ഭയം സൃഷ്ടിച്ച കഥാപാത്രം മൂന്നാം ഭാഗത്തിൽ എത്തിയപ്പോൾ തമാശയായി മാറിയെന്നാണ് നിരവധി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ഇതിനോടനുബന്ധിച്ച് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രത്യേകിച്ച് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ ‘വാസു അണ്ണൻ’ കഥാപാത്രത്തെയാണ് പലരും ഓർമിപ്പിക്കുന്നത്. ഇത് വാസു അണ്ണന് പണിയാകുമല്ലോ, വാസു അണ്ണനെ കടത്തിവെട്ടാൻ ചോരക്കണ്ണൻ എത്തി, സഹദേവൻ വന്നപ്പോൾ പേടി തോന്നിയില്ല, ചിരിയാണ് വന്നത്” തുടങ്ങിയ ട്രോൾ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അതേസമയം, ചിത്രത്തിലെ പല കഥാപാത്രങ്ങൾക്കും സംഭവിച്ച മാറ്റങ്ങൾ വിശ്വസനീയമായി അവതരിപ്പിക്കാൻ സംവിധായകൻ ജീത്തു ജോസഫിന് സാധിച്ചില്ലെന്നാണ് ചില പ്രേക്ഷകരുടെ വിമർശനം.

സഹദേവന്റെ തിരിച്ചുവരവും അതിൽപ്പെടുന്നുവെന്നാണ് അഭിപ്രായം. മികച്ച സാധ്യതകളുണ്ടായിരുന്ന കഥാപാത്രത്തെ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ലെന്നും കഥയുടെ പ്രധാന സംഘർഷങ്ങളുമായി ശക്തമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു വിഭാഗം പ്രേക്ഷകർക്ക് എന്നാൽ സഹദേവന്റെ റീ-എൻട്രി ചിത്രത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിലൊന്നായിരുന്നു. കഥാപാത്രത്തിന്റെ സാന്നിധ്യം മാത്രം തിയേറ്ററിൽ വലിയ പ്രതികരണം സൃഷ്ടിച്ചുവെന്നും അവർ അഭിപ്രായപ്പെടുന്നു.

എന്തായാലും ചിത്രത്തിലെ സഹദേവൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരുകാലത്ത് പ്രേക്ഷകരെ ഭയപ്പെടുത്തിയ കഥാപാത്രം ഇന്ന് ട്രോളുകളിലൂടെ വൈറലാകുന്നത് ദൃശ്യം 3-ക്ക് ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ ചർച്ചകളിലൊന്നായി മാറിയിട്ടുണ്ട്.

Content Highlight: Social media also discussed Sahadeva in Drishyam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.