സ്പോർട്ട്സിൽ നിന്നും വെള്ളിത്തിരയിലെത്തിയ നടിയാണ് സ്മിനു സിജോ. 2016ൽ റിലീസായ സ്കൂൾ ബസ് എന്ന സിനിമയാണ് ആദ്യ ചിത്രം. പിന്നീട് ഞാൻ പ്രകാശൻ, നായാട്ട്, ഓപ്പറേഷൻ ജാവ, ദി പ്രീസ്റ്റ്, ജോ & ജോ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് സ്മിജോ.
ഞാൻ പ്രകാശൻ എന്ന സിനിമയിലേക്ക് വിളിക്കുന്നത് ശ്രീനിവാസനാണെന്നും താൻ അവസരം ചോദിക്കാതെ കിട്ടിയ വേഷമാണ് അതെന്നും സ്മിനു പറയുന്നു. തൻ്റെ അങ്കിളിൻ്റെ സുഹൃത്താണ് ശ്രീനിവാസനെന്നും സിനിമാക്കാരെ പരിചയപ്പെടുന്നത് തനിക്കിഷ്ടമായിരുന്നെന്നും നടി പറഞ്ഞു.
അങ്ങനെയാണ് ശ്രീനിവാസനോടും അദ്ദേഹത്തിൻ്റെ ഭാര്യ വിമലയോടും സംസാരിക്കുന്നതെന്നും ആ സംസാരത്തിൽ നിന്നാണ് തന്നിലെ അഭിനേത്രിയെ ശ്രീനിവാസൻ തിരച്ചറിഞ്ഞതെന്നും അവർ പറയുന്നു.
ശ്രീനിവാസൻ്റെ ഭാര്യാവേഷം ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ മികച്ച രീതിയിൽ ചെയ്യാനായെന്നും പിന്നീട് കെട്ട്യോളാണ് എന്റെ മാലാഖയിലെ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷം കൂടുതൽ ജനപ്രീതി നേടിത്തന്നതെന്നും സ്മിനു കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു സ്മിനു.
‘ഞാൻ പ്രകാശൻ എന്ന സിനിമയിലേക്ക് വിളിക്കുന്നത് ശ്രീനിയേട്ടനാണ്. ഞാൻ ഒരിക്കൽപോലും ചോദിക്കാതെ എന്നെ തേടിവന്ന അവസരമാണത്. എന്റെ അങ്കിളിന്റെ സുഹൃത്താണ് ശ്രീനിയേട്ടൻ. പിന്നെ സിനിമക്കാരെ പരിചയപ്പെടുക, അവരോട് സംസാരിക്കുക എന്നത് ഏതൊരു മലയാളിയെയും പോലെ എനിക്കും ഏറെ സന്തോഷമുള്ള കാര്യമായിരുന്നു.
അങ്ങനെയാണ് ശ്രീനിയേട്ടനോടും വിമലാന്റിയോടുമൊക്കെ സംസാരിക്കുന്നത്. ആ ഒരു സംസാരത്തിൽ നിന്നാണ് ശ്രീനിയേട്ടൻ എന്നിലെ അഭിനേത്രിയെ തിരിച്ചറിയുകയും അവസരം നൽകുകയും ചെയ്‌തത്.
ശ്രീനിയേട്ടന്റെ ഭാര്യാകഥാപാത്രം മികച്ച രീതിയിൽ ചെയ്യാനായി. സത്യേട്ടനും ശ്രീനിയേട്ടനും അനൂപ് സത്യനുമാണ് എല്ലാ ധൈര്യവും തന്നത്. പിന്നീട് കെട്ട്യോളാണ് എന്റെ മാലാഖയിലെ ആസിഫ് അലിയുടെ ചേച്ചി കഥാപാത്രമാണ് കൂടുതൽ ജനപ്രീതി നേടിത്തന്നത്,’ സ്മിനു സിജോ പറയുന്നു.
Content Highlight: Sminu Sijo Talking about Sreenivasan and Njan Prakashan Movie