ന്യൂയോര്‍ക്ക്: അടമിത്തം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്നും അത് തടയണമെന്നും അപലപിക്കുകയും നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെടുന്ന യു.എന്നില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് യു.എസും ഇസ്രഈലും.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഘാന കൊണ്ടുവന്ന പ്രമേയത്തെ അര്‍ജന്റീന, യു.എസ്, ഇസ്രഈല്‍ എന്നീ മൂന്ന് രാജ്യങ്ങളാണ് എതിര്‍ത്തത്. വോട്ടെടുപ്പില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും ജപ്പാനും ഉള്‍പ്പെടെ 52 രാജ്യങ്ങള്‍ വിട്ടുനിന്നു. കരട് പ്രമേയം 123 വോട്ടുകള്‍ക്ക് യു.എന്‍ അംഗീകരിച്ചു.
അതേസമയം, അടിമക്കച്ചവടം തെറ്റാണെന്ന് യു.എസ് അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍, അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമല്ലെന്ന് പറയുന്ന ചരിത്രപരമായ തെറ്റുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തെ അംഗീകരിക്കില്ലെന്നും യു.എസിന്റെ ഡെപ്യൂട്ടി അംബാസഡര്‍ ഡാന്‍ നെഗ്രിയ പ്രതികരിച്ചു. വോട്ടെടുപ്പിന് മുമ്പായിരുന്നു നെഗ്രിയയുടെ പ്രസ്താവന.
കൂടാതെ, ഘാനയുടെ പ്രമേയം ലക്ഷ്യം വെക്കുന്നത് മനുഷ്യരാശിക്കെതിരായ ചില കുറ്റകൃത്യങ്ങളെ റാങ്ക് അടിസ്ഥാനത്തില്‍ ക്രമപ്പെടുത്താനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആഫ്രിക്കക്കാരെ വംശീയമായി അടിമകളാക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതും മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ കുറ്റകൃത്യമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.
നഷ്ടപരിഹാരത്തിനായുള്ള അവകാശവാദങ്ങള്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ ചരിത്രപരമായ തെറ്റുകള്‍ പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണെന്നും പ്രമേയത്തില്‍ പറയുന്നു.
കഴിഞ്ഞ 400 വര്‍ഷത്തിനിടെ ആഫ്രിക്കയിലെ 12 ദശലക്ഷത്തിലധികം പൗരന്മാരെ അടിമക്കച്ചവടത്തിലൂടെ ട്രാന്‍സ് അറ്റ്‌ലാന്റിക് വഴി കടത്തിവിട്ടു. 2.4 ദശലക്ഷം ആളുകള്‍ യാത്രമധ്യേ തന്നെ മരണപ്പെട്ടു.
അടിമത്തം ലോകമെമ്പാടും നിര്‍ത്തലാക്കിയെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇപ്പോഴും അടിമത്തത്തിന്റെ ദീര്‍ഘകാലമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണെന്നും ഘാനയുടെ പ്രമേയം പറയുന്നു.
പ്രമേയം അംഗീകരിക്കപ്പെട്ടതിനെ പ്രശംസിച്ച ഘാനയുടെ വിദേശകാര്യമന്ത്രി സാമുവല്‍ ഓകുഡ്‌സെറ്റോ അബ്‌ലക്വ അന്താരാഷ്ട്ര സമൂഹം സുപ്രധാനവും ചരിത്രപരവുമായ ഒരു ചുവടുവെപ്പ് നടത്തിയെന്ന് പ്രതികരിച്ചു.
Content Highlight: Slavery is a grave crime against humanity; US and Israel vote against UN resolution