മോഹന്‍ലാലിന്റെ ആദ്യ സോളോ ബ്ലോക്ക്ബസ്റ്റര്‍; മലയാളികള്‍ കണ്ടത് യുവനിരയുടെ പടമായി: സിയാദ് കോക്കര്‍
Malayalam Cinema
മോഹന്‍ലാലിന്റെ ആദ്യ സോളോ ബ്ലോക്ക്ബസ്റ്റര്‍; മലയാളികള്‍ കണ്ടത് യുവനിരയുടെ പടമായി: സിയാദ് കോക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st September 2025, 9:57 am

മലയാളികള്‍ക്ക് മികച്ച നിരവധി സിനിമകള്‍ സമ്മാനിച്ചിട്ടുള്ള നിര്‍മാതാക്കളില്‍ ഒരാളാണ് സിയാദ് കോക്കര്‍. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ 1985ല്‍ പുറത്തിറങ്ങിയ കൂടും തേടി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എസ്.എന്‍. സ്വാമി രചന നിര്‍ഹിച്ച് പോള്‍ ബാബു സംവിധാനം ചെയ്ത ഈ സിനിമയില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു. ഒപ്പം രാധിക, റഹ്‌മാന്‍, നാദിയ മൊയ്തു എന്നിവരും ഈ ചിത്രത്തിനായി ഒന്നിച്ചിരുന്നു. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിയാദ് കോക്കര്‍.

കൂടും തേടി എന്ന ചിത്രം വലിയ വിജയമായി മാറി. യുവനിരയുടെ പടം എന്ന നിലയിലാണ് മലയാളം ഇന്‍ഡസ്ട്രി ആ സിനിമയെ കണ്ടത്. മോഹന്‍ലാലിന്റെ ആദ്യ സോളോ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി കൂടും തേടി മാറുകയായിരുന്നു. അതോടെ നിര്‍മാതാവ് എന്ന നിലയില്‍ ഞാനും അംഗീകരിക്കപ്പെട്ടു,’ സിയാദ് കോക്കര്‍ പറയുന്നു.

എസ്.എന്‍. സ്വാമിയുടെ ആദ്യ സ്വതന്ത്ര തിരക്കഥകളിലൊന്നായിരുന്നു ഈ സിനിമയുടേതെന്നും മോഹന്‍ലാല്‍, റഹ്‌മാന്‍, രാധിക ശരത്കുമാര്‍, നാദിയ മൊയ്തു തുടങ്ങി മികച്ചൊരു താരനിരയെ തന്നെ അണിനിരത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ പോള്‍ ബാബുവിന്റെ സുഹൃത്തായ പി.സി. ശ്രീറാമാണ് ഛായാഗ്രഹകനായി എത്തിയതെന്നും അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയായിരുന്നു ഇതെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘പോള്‍ ബാബു അമേരിക്കയിലായിരുന്നു. അവനവിടെ ചെന്ന് ഫിലിം ഫോട്ടോഗ്രാഫി, എഡിറ്റിങ്, സംവിധാനം എന്നിവയെല്ലാം സ്വര്‍ണമെഡലോടെ പഠനം പൂര്‍ത്തിയാക്കി. അവന്‍ തിരിച്ചു വന്നപ്പോള്‍ സിനിമ സംബന്ധിയായ ഒരുപാട് പുസ്തകങ്ങള്‍ കൊണ്ടുത്തന്നു.

അതെല്ലാം പ്രമുഖ ഇംഗ്ലീഷ് സിനിമകളുടെ മേക്കിങ് ഓഫ് ദി സിനിമ കഥകളായിരുന്നു. പോളുമായുള്ള സമ്പര്‍ക്കമാണ് എന്നെ സിനിമാനിര്‍മാണത്തിലേക്ക് വഴിതെളിച്ചത്,’ സിയാദ് കോക്കര്‍ പറഞ്ഞു.

Content Highlight: Siyad Kokkar Talks About Koodum Thedi Movie And Mohanlal