ഭൂമി തർക്കം; യു.പിയിൽ അഞ്ച് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു
crime news
ഭൂമി തർക്കം; യു.പിയിൽ അഞ്ച് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2023, 12:57 pm

ദെരിയ: ഉത്തർപ്രദേശിലെ ദെരിയ ജില്ലയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു.

രുദ്രാപൂരിലെ ഫത്തേപുർ ഗ്രാമത്തിലാണ് സംഭവം. കുറേ കാലമായി രണ്ട് കക്ഷികൾക്കിടയിൽ ഭൂമി തർക്കം നടക്കുന്നതായി പൊലീസ് പറഞ്ഞു. ലേധ തോലയിലെ സത്യ പ്രകാശ് ദുബേയും അഭയ്പുർ തോല നിവാസിയായ പ്രേംചന്ദ് യാദവും തമ്മിലാണ് തർക്കം ഉണ്ടായിരുന്നത്. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു പ്രേമംചന്ദ് യാദവ്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തർക്ക ഭൂമിയിലെ വയൽ കാണാൻ പ്രേമംചന്ദ് എത്തിയ വിവരമറിഞ്ഞ പ്രകാശ് ദുബേ തന്റെ രണ്ട് മക്കളെയും കൊണ്ട് വയലിലെത്തി.

തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സത്യപ്രകാശ് പ്രേംചന്ദിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ പ്രേംചന്ദിന്റെ കൂട്ടാളികൾ വടികളും തോക്കുകളുമായി സത്യപ്രകാശിന്റെ വീട്ടിലെത്തി അയാളെയും ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഭീതി പടർന്നു. എസ്.പി സങ്കൽപ് ശർമ സംഭവസ്ഥലത്തേക്ക് പൊലീസുകാരെ വിന്യസിക്കാൻ നിർദേശം നൽകി. ജില്ലാ മജിസ്‌ട്രേറ്റ് അഖണ്ഡ് പ്രതാപ് സിങ്ങും ഗ്രാമം സന്ദർശിച്ചു.

Content Highlight: Six including five family members killed over dispute over land in UP village