ഉത്തര്‍പ്രദേശില്‍ വരനൊപ്പം പാര്‍ക്കിലെത്തിയ യുവതിക്ക് ലൈംഗികാതിക്രമം; രണ്ട് പൊലീസുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പരാതി
national news
ഉത്തര്‍പ്രദേശില്‍ വരനൊപ്പം പാര്‍ക്കിലെത്തിയ യുവതിക്ക് ലൈംഗികാതിക്രമം; രണ്ട് പൊലീസുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2023, 9:28 am

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ നടക്കാനിറങ്ങിയ 22കാരിക്ക് ലൈംഗികാതിക്രമം. സംഭവത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പരാതി നല്‍കി. കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍, ഹോം ഗാര്‍ഡ് ദിഗംബര്‍, മറ്റൊരു യുവാവിനുമെതിരെയാണ് പരാതി. ഗാസിയാബാദിലെ സായ് ഉപവന്‍ സിറ്റി ഫോറസ്റ്റ് പാര്‍ക്കിലാണ് സംഭവം നടന്നത്.

പൊലീസ് ബൈക്കിലെത്തിയ മൂന്ന് പേര്‍ പതിനായിരം രൂപ ആവശ്യപ്പെട്ടുകൊണ്ട് തന്റെ ഫിയാന്‍സിയുടെ മുഖത്തടിച്ചുവെന്നും തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. മൂന്ന് മണിക്കൂറുകളോളം തങ്ങളെ പാര്‍ക്കില്‍ പിടിച്ചുനിര്‍ത്തിയ പ്രതികള്‍ രാത്രി വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെയും സെക്ഷന്‍ 354 എ (1) (ii) പ്രകാരമുള്ള ലൈംഗികാതിക്രമം, ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടല്‍, 323, 504, 342 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെന്ന് റ്ിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് രാകേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതായും ദിഗംബറിനെതിരെ നടപടിയെടുക്കാന്‍ അദ്ദേഹത്തിന്റെ വകുപ്പിന് കത്തയച്ചതായും ഗാസിയാബാദ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. മൂന്ന് പ്രതികളും ഇപ്പോള്‍ ഒളിവിലാണ്.

Content Highlights: Woman alleged harassment in Gaziabad