തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും.
‘We Care’ എന്നാണ് ശിവൻകുട്ടി പറഞ്ഞത്. യുവതിയോട് തളരരുതെന്നും കേരളം ഒപ്പമുണ്ടെന്നും വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പിന്തുണയറിയിച്ചത്.
നേരത്തെ ലൈംഗീക ആരോപണങ്ങൾ ഉയർന്നപ്പോൾ ‘Who Cares’ ചോദ്യമായിരുന്നു രാഹുൽ മാധ്യമങ്ങളോട് ചോദിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ‘We care’ എന്ന ശിവൻ കുട്ടിയുടെ മറുപടി.
സ്ത്രീപീഡന, ഗര്‍ഭഛിദ്ര പ്രേരണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ അൽപസമയത്തിനു മുമ്പാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സെക്രട്ടറിയേറ്റിലെത്തി യുവതി മുഖ്യമന്ത്രിയെ കണ്ട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു കൊണ്ട് പരാതി നല്‍കിയെന്നാണ് വിവരം. മുഖ്യമന്ത്രി ഈ പരാതി പൊലീസ് മേധാവിക്കും, പൊലീസ് മേധാവി അന്വേഷണ സംഘത്തിനും കൈമാറും.
രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
രാഹുൽ ഗർഭം ധരിക്കാൻ തന്നെ നിർബന്ധിച്ചെന്നും ഗർഭിണിയായപ്പോൾ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും യുവതി പുറത്തുവിട്ട ചാറ്റും കോൾ റെക്കോർഡിങ്ങും തെളിയിക്കുന്നു.
Content Highlight: Sivankutty and Veena George support the woman after the complaint against Rahul