തമിഴിലെ അടുത്ത ജനപ്രിയതാരമായി ഉയര്‍ന്നുവരുന്ന നടനാണ് ശിവകാര്‍ത്തികേയന്‍. കോമഡി ചിത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ഇടക്ക് തന്റെ ട്രാക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അമരനിലൂടെ താരത്തിന്റെ സ്റ്റാര്‍ഡം ഉയരങ്ങളിലെത്തി. അമരന് ശേഷമുള്ള ശിവയുടെ ലൈനപ്പും പ്രതീക്ഷ ഉളവാക്കുന്നതാണ്.
ഗുഡ് നൈറ്റ് എന്ന ഫീല്‍ ഗുഡ് ഒരുക്കിയ വിനായക് ചന്ദ്രശേഖറിനൊപ്പം താരം കൈകോര്‍ക്കുന്നുവെന്ന് റൂമറുകളുണ്ടായിരുന്നു. മലയാളത്തിന്റെ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുവെന്നും കേട്ടിരുന്നു. ശിവകാര്‍ത്തികേയന്റെ അച്ഛനായാണ് മോഹന്‍ലാല്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുഡ് നൈറ്റ് പോലെ ഫീല്‍ ഗുഡ് ചിത്രമായിരിക്കും ഇതെന്നായിരുന്നു കേട്ടത്.
എന്നാല്‍ ഈ പ്രൊജക്ട് ഉടനെ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മോഹന്‍ലാലിന്റെ തിരക്കുകള്‍ കാരണമാണ് പ്രൊജക്ട് മാറ്റിവെച്ചതെന്നാണ് അറിയാന്‍ സാധിക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രം, ഓസ്റ്റിന്‍ ഡാന്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രം എന്നിവയുടെ തിരക്കിലാണ് നിലവില്‍ മോഹന്‍ലാല്‍.
Sivakarthikeyan’s next with #VinayakChandrasekaran delayed due to Mohanlal’s packed schedule. The father-son drama awaits the Malayalam superstar’s dates.🗓️
ഈ വര്‍ഷവും അടുത്ത വര്‍ഷവും താരത്തിന്റെ ഡേറ്റ് ലഭിക്കാന്‍ വളരെ പ്രയാസമായതിനാലാണ് വിനായക് ചന്ദ്രശേഖന്‍ ചിത്രം മാറ്റിവെച്ചത്. ഇതിന് പിന്നാലെ ശിവകാര്‍ത്തികേയന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ഒരുക്കിയ വെങ്കട് പ്രഭുവാണ് ശിവയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞദിവസം നടന്ന തലൈവന്‍ തലൈവി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് വെങ്കട് പ്രഭു ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും അടുത്ത വര്‍ഷം തിയേറ്ററിലെത്തുമെന്നുമാണ് കരുതുന്നത്. കല്യാണി പ്രിയദര്‍ശനാകും ചിത്രത്തിലെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയുടെ ഷൂട്ടിലാണ് ശിവകാര്‍ത്തികേയന്‍. നേരത്തെ സൂര്യയെ നായകനാക്കി അനൗണ്‍സ് ചെയ്ത പുറനാനൂറ് എന്ന പ്രൊജക്ടാണ് ഇപ്പോള്‍ പരാശക്തിയായിരിക്കുന്നത്. 1980കളില്‍ തമിഴ്‌നാട്ടിലെ കോളേജുകളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. രവി മോഹന്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.
സിക്കന്ദറിന്റെ പരാജയത്തിന് ശേഷം എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയാണ് ശിവകാര്‍ത്തികേയന്റെ അടുത്ത റിലീസ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ രുക്മിണി വസന്താണ് നായിക. അനിരുദ്ധ് സംഗീതം നല്‍കുന്ന മദ്രാസിയില്‍ വിദ്യുത് ജംവാളാണ് വില്ലന്‍. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Sivakerthikeyan’s new movie delayed because the date issues of Mohanlal