ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ചയാളാണ് ശിവകാര്‍ത്തികേയന്‍. 2012ല്‍ മറീന എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ശിവകാര്‍ത്തികേയന്‍ ധനുഷ് നായകനായ ത്രീ(3) യിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് കോളിവുഡിന്റെ മുന്‍നിരയിലേക്കെത്താന്‍ ശിവക്ക് സാധിച്ചു. യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും ഇടയില്‍ ശിവകാര്‍ത്തികേയന്‍ വലിയ സ്വാധീനമുണ്ടാക്കിയെടുത്തു.
ഇപ്പോള്‍ മലയാള സിനിമയിലെ നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. മലയാളത്തിലെ നടന്മാരോടൊപ്പം അഭിനയത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. വേലൈക്കാരന്‍ എന്ന സിനിമയില്‍ ഫഹദ് ഫാസിലിനൊപ്പം ശിവകാര്‍ത്തികേയന്‍ അഭിനയിച്ചിരുന്നു.
ഫഹദ് ഫാസിലിനൊപ്പമുള്ള അഭിനയം വലിയ അറിവുകളാണ് നല്‍കിയതെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. കരുത്തോടെയും എന്നാല്‍ ലളിതമായും ഒരോ സീനുകളിലും എങ്ങനെ വൈകാരികഭാവങ്ങള്‍ കൊണ്ടുവരാമെന്ന് ഫഹദില്‍നിന്നും പഠിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മലയാളത്തിലെ നടന്‍മാരൊപ്പം അഭിനത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ഫഹദിനൊപ്പമുള്ള അഭിനയം വലിയ അറിവുകളാണ് നല്‍കിയത്. കരുത്തോടെയും എന്നാല്‍ ലളിതമായും ഒരോ സീനുകളിലും എങ്ങനെ വൈകാരികഭാവങ്ങള്‍ കൊണ്ടുവരാമെന്ന് ഫഹദില്‍നിന്നും പഠിച്ചെടുക്കുകയായിരുന്നു,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ശിവകാര്‍ത്തികേയന്‍ സംസാരിച്ചിരുന്നു.
‘പൊലീസ് ഓഫീസറായ അച്ഛനാണ് കുട്ടിക്കാലം മുതല്‍ എന്റെ ഹീറോ. ഐ.പി.എസ് ആയിരുന്നു സ്‌കൂള്‍കാലത്തെ സ്വപ്നം. ജോലിയിലിരിക്കെ അച്ഛന്‍ മരണപ്പെട്ടു. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് പിന്നീടെന്നെ ആ വഴിയിലേക്ക് പറഞ്ഞയക്കാന്‍ താത്പര്യമുണ്ടായില്ല. കംപ്യൂട്ടര്‍ പഠിച്ച് പുറംനാട്ടില്‍പോയി സമ്പാദിക്കാനാണ് മുതിര്‍ന്നവരെല്ലാം ഉപദേശിച്ചത്.
എന്‍ജിനീയറിങ് പഠിച്ചവന്‍ സിനിമയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത് എല്ലാവരെയും ചൊടിപ്പിച്ചിരുന്നു. യാതൊരു റൂട്ട് മാപ്പും കൈയിലില്ലാതെയായിരുന്നു സിനിമയിലേക്കുള്ള എടുത്തുചാട്ടം. അച്ഛനില്ലാത്ത കുട്ടി വഴിതെറ്റിപ്പോയെന്ന് ആരെക്കൊണ്ടും പറയിക്കില്ലെന്നൊരു വിശ്വാസം മനസിലെന്നും ഉണ്ടായിരുന്നു. നിരന്തരമായ പരിശ്രമത്തിന്റെ വിജയമാണ് ഇന്ന് എന്നെ നിങ്ങളുടെ മുന്നിലിരുത്തിയിരിക്കുന്നത്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.