മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് സിതാര കൃഷ്ണകുമാര്‍. വിനയന്‍ സംവിധാനം ചെയ്ത അതിശയനിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് സിതാര കടന്നുവന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലെ ‘ഏനുണ്ടോടീ’ എന്ന ഗാനമാണ് സിത്താരയുടെ കരിയര്‍ മാറ്റിമറിച്ചത്. മികച്ച പിന്നണിഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ പാട്ടിലൂടെ സിതാര സ്വന്തമാക്കി.

പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും മികച്ച ഗാനങ്ങള്‍ സിതാര ആലപിച്ചിട്ടുണ്ട്. മൂന്ന് തവണ മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാര്‍ഡും അവര്‍ സ്വന്തമാക്കി. സിനിമാഗാനങ്ങള്‍ക്ക് പുറമെ ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങളും സിതാര പുറത്തുവിട്ടിട്ടുണ്ട്. ചാനല്‍ റിയാലിറ്റി ഷോയിലെ ജഡ്ജ് എന്ന നിലയിലും സിത്താര ശ്രദ്ധ നേടിയിട്ടുണ്ട്.

സിത്താര Photo: Screen grab/ Club FM

ഇതുവരെ പാടിയതില്‍ കുറച്ച് ചലഞ്ചിങ്ങായിട്ടുള്ള പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സിത്താര. പുഷ്പ 2ലെ ‘പീലിംഗ്‌സ്’ എന്ന ഗാനത്തിലെ ചില വരികള്‍ ആദ്യമൊക്കെ പാടാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നെന്ന് സിത്താര പറഞ്ഞു. ഇടയിലുള്ള ചില വരി വേഗത്തില്‍ പാടാനുള്ളതാണെന്നും പലപ്പോഴും തെറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സിത്താര.

‘ആ പാട്ടിന്റെ തുടക്കമൊന്നും കുഴപ്പമില്ല. പക്ഷേ, അതിന്റെ ഇടക്ക് ‘പൂ തിരുകും നേരത്ത്, പൊന്നണിയും നേരത്ത്, അണിഞ്ഞൊരുകാതിരിക്കുന്ന നേരത്ത്’ എന്നൊരു ലൈനുണ്ട്. ഒരു ടങ് ട്വിസ്റ്റിങ് സാധനമാണ്. സ്‌റ്റേജില്‍ ഞാന്‍ ആ പോര്‍ഷന്‍ പാടാന്‍ പോകുമ്പോള്‍ കൂടെയുള്ളവന്മാര്‍ ചിരിക്കും. കാരണം, ഇത് തെറ്റുമെന്ന് അവര്‍ ആദ്യമേ പറഞ്ഞുവെച്ചിട്ടുണ്ട്.

സ്റ്റേജിലെ ലൈറ്റ് നേരെ ടാബിലേക്ക് അടിക്കുമ്പോള്‍ ഒന്നും മര്യാദക്ക് വായിക്കാന്‍ പറ്റില്ല. ഒരുവിധത്തില്‍ വായിച്ചെടുത്ത് അങ്ങ് പാടും. ആദ്യമൊക്കെ തെറ്റുമോ എന്ന പേടിയുണ്ടായിരുന്നു. ഇപ്പോള്‍ പിന്നെ അതൊന്നുമില്ല. ആരും ശ്രദ്ധിക്കില്ലെന്ന വിചാരത്തില്‍ അങ്ങ് പോകും. വേറൊരു പ്രശ്‌നവും ആ പാട്ടിലില്ല,’ സിത്താര പറയുന്നു.

കൊവിഡ് സമയത്ത് വീട്ടില്‍ വെറുതെ ഇരുന്നപ്പോള്‍ ഒരുപാട് പാട്ടുകള്‍ റെഡിയാക്കിയിരുന്നെന്നും സിത്താര പറഞ്ഞു. ചായപ്പാട്ട് അടക്കം ആ സമയത്ത് റെഡിയാക്കിയതായിരുന്നെന്നും ലോക്ക്ഡൗണ്‍ കുറഞ്ഞ ഗ്യാപ്പില്‍ ആ പാട്ട് റെക്കോഡ് ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ അതുപോലെ കമ്പോസിങ്ങിന് സമയം കിട്ടാറില്ലെന്നും സിത്താര പറയുന്നു.

Content Highlight: Sithara Krishnakumar about the song in Pushpa 2 movie