രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആമിർ ഖാൻ ചിത്രമാണ് സിതാരേ സമീൻ പർ. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്‌ത ചിത്രം സ്‌പാനിഷ് ചിത്രമായ ചാമ്പ്യൻസിൻ്റെ റീമേക്കായാണ് ഒരുങ്ങിയത്.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആമിർ ഖാൻ ചിത്രമാണ് സിതാരേ സമീൻ പർ. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്‌ത ചിത്രം സ്‌പാനിഷ് ചിത്രമായ ചാമ്പ്യൻസിൻ്റെ റീമേക്കായാണ് ഒരുങ്ങിയത്.
സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. ജൂൺ 20ന് പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യ ദിവസം തന്നെ പത്ത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയാണ് പ്രദർശനം തുടർന്നത്. ഒ.ടി.ടി റിലീസ് ഒഴിവാക്കി യുട്യൂബിലൂടെയായിരിക്കും സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുകയെന്ന് ആമിർ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ യുട്യൂബ് റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്.
ഓഗസ്റ്റ് 1 നാണ് ചിത്രത്തിന്‍റെ യുട്യൂബ് സ്ട്രീമിങ് ആരംഭിക്കുക. ആമിര്‍ ഖാന്‍ ടോക്കീസ് എന്ന ചാനലിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുക. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് പകരം കാണുന്നതിന് പണം നല്‍കുന്ന പേ പെര്‍ വ്യൂ മാതൃകയില്‍ ആയിരിക്കും സിതാരെ സമീന്‍ പര്‍ സിനിമയുടെ യുട്യൂബ് റിലീസ്.

ചിത്രം കാണാന്‍ 100 രൂപയാണ് മുടക്കേണ്ടത്. 100 രൂപ മുടക്കുന്ന ആള്‍ക്ക് രണ്ട് ദിവസത്തെ ആക്സസ് (48 മണിക്കൂര്‍) ലഭിക്കും. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആമിര്‍ ഖാന്‍ ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യക്കൊപ്പം യു.എസ്.എ, കാനഡ, യു.കെ, ഓസ്ട്രേലിയ, ജര്‍മനി, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും യുട്യൂബിലൂടെ ചിത്രം കാണാൻ സാധിക്കും. സബ്ടൈറ്റിലുകളോടൊപ്പം പ്രധാന ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകളും ലഭിക്കും.
പല കാരണങ്ങളാല്‍ തിയറ്ററുകളിൽ സിനിമ കാണാൻ സാധിക്കാത്ത ജനങ്ങളിലേക്ക് സിനിമകള്‍ എത്തിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും കഴിഞ്ഞ 15 വർഷമായിട്ട് തൻ്റെ ഉള്ളിലുണ്ടായിരുന്നെന്നും അതിനുള്ള ശരിയായ സമയം ഇതാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യയിൽ ഇന്റർനെറ്റ് വ്യാപനം ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്നു. ന്യായമായതും താങ്ങാനാവുന്നതുമായ വിലക്ക് സിനിമ എല്ലാവരിലും എത്തണം എന്നതാണ് സ്വപ്നമെന്നും ഇഷ്ടമുള്ളിടത്ത് സിനിമ കാണാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകണമെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
Content Highlight: Sitare Zameen Par: Aamir Khan announces YouTube release