സീതാ രാമത്തിന്റെ കുതിപ്പ് അവസാനിക്കുന്നില്ല; റെക്കോഡ് കളക്ഷനുമായി ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
സീതാ രാമത്തിന്റെ കുതിപ്പ് അവസാനിക്കുന്നില്ല; റെക്കോഡ് കളക്ഷനുമായി ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th August 2022, 3:04 pm

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ലഫ്. റാമിന്റെ പ്രണയകഥ പറഞ്ഞ ചിത്രം കണ്ട് നിറകണ്ണുകളോടെയാണ് പല പ്രേക്ഷകരും തിയേറ്റര്‍ വിട്ടത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന് മികച്ച കളക്ഷന്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. ആഗോള തലത്തില്‍ നിന്ന് ചിത്രം ഇതുവരെ 45കോടിയിലധികം രൂപ കളക്ഷനായി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന് കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 5 കോടിയോളം രൂപ നേടാനായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 25 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം മികച്ച പ്രകടനമാണ് ഇപ്പോഴും കാഴ്ചവെക്കുന്നത്.

ചിത്രത്തിന് യു.എസില്‍ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ യു.എ.സില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു.

നിലവില്‍ കേരളത്തില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും ചിത്രം കേരളത്തില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാരാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight: Sita Ramam collected  5 crore from Kerala box office and 45 crore collect worldwide