പത്ത് വര്‍ഷത്തോളം നല്ലൊരു സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത്, ഞാന്‍ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ: വിനയന്‍
Entertainment news
പത്ത് വര്‍ഷത്തോളം നല്ലൊരു സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത്, ഞാന്‍ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 10:34 pm

കഴിഞ്ഞ ദിവസമായിരുന്നു വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ വിനയന്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ ഇക്കാര്യം പങ്കുവെച്ചത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാലാണ്. മമ്മൂട്ടിയാണ് സംഘര്‍ഷാത്മകമായ കാലഘട്ടത്തിന്റെ വിവരണം നല്‍കുന്നത്.

അതേസമയം തന്നോട് വൈരാഗ്യം വച്ച് പുലര്‍ത്തുന്ന സംവിധായകരും മലയാള സിനിമയില്‍ ഉണ്ടെന്നും വിനയന്‍ പറഞ്ഞു.

പത്ത് വര്‍ഷത്തോളം സിനിമകള്‍ ചെയ്യാന്‍ അനുവദിക്കാതെ തന്നെ ദ്രോഹിച്ചപ്പോള്‍ കോടതിയെ സമീപിക്കുകയാണ് ചെയ്തതെന്നും ആ വാശിയില്‍ നിന്നാണ് വിനയന്‍ എന്ന സംവിധായകനും പത്തൊമ്പതാം നൂറ്റാണ്ടും ഉണ്ടായതെന്നും വിനയന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സെപ്റ്റംബര്‍ എട്ട് തിരുവോണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കഥാപാത്രത്തിനായി സിജു വില്‍സണ്‍ ആറുമാസക്കാലം കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.

കന്നഡ ചിത്രം മുകില്‍പെട്ടയിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, തുടങ്ങി ഒട്ടേറെ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷാജികുമാറാണ് ക്യാമറ ചെയ്യുന്നത്. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. പട്ടണം റഷീദാണ് മേക്കപ്പ് ചെയ്യുന്നത്. ധന്യ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍ വിനയന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ഈ സ്നേഹം ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയ്ക്ക് കൂടുതല്‍ കരുത്തേകുന്നു. ഏറെ സന്തോഷത്തോടെയാണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്.

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ശ്രീ. മമ്മുട്ടിയും, ശ്രീ. മോഹന്‍ലാലും എന്റെ പുതിയ ചിത്രമായ പത്തൊന്മ്പതാം നൂറ്റാണ്ടിന് ശബ്ദം നല്‍കിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ സംഘര്‍ഷാത്മകമായ ആ കാലഘട്ടത്തിന്റെ ജിജ്ഞാസാഭരിതമായ വിവരണം മമ്മുക്ക നല്‍കുന്നു. സിജു വില്‍ണ്‍ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതല്‍ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകള്‍.

മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകള്‍ക്കോ, അഭിപ്രായങ്ങള്‍ക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്‍മാരായ ഈ മഹാരഥന്‍മാര്‍ ഇപ്പോള്‍ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി സ്‌നേഹാദരങ്ങളോടെ ഞാന്‍ അര്‍പ്പിക്കട്ടെ.

മമ്മുക്കയും ലാലും ഡബ്ബിംഗ് തീയറ്ററില്‍ വന്ന ശേഷമാണ് നിര്‍മ്മാതാവ് ഗോപാലേട്ടനോട് ഞാന്‍ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നും എന്നോടു വിദ്വേഷം വച്ചു പുലര്‍ത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകര്‍ മലയാള സിനിമയില്‍ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല.. ഇതു വായിക്കുമ്പോള്‍ അവര്‍ക്കു സ്വയം മനസ്സിലാകുമല്ലോ.

എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്നേഹമേയുള്ളു. പത്തു വര്‍ഷത്തോളം നല്ലൊരു സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത്. ഞാന്‍ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയില്‍ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലും ചില സിനിമകള്‍ ചെയ്തു തിയറ്ററില്‍ എത്തിച്ചു.

അതൊരു വാശി ആയിരുന്നു. അത്തരം വാശി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ന വ്യക്തി ഇല്ല. മാത്രമല്ല വിനയന്‍ എന്ന സംവിധായകന്‍ ഇന്നു സിനിമയിലേ കാണില്ലായിരുന്നു. കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ. ഈ പുത്തന്‍ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങള്‍ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ മസ്തിഷ്‌കത്തില്‍ വെറുപ്പിന്റെയും അസൂയയുടെയും ഹോര്‍മോണുകള്‍ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല.

നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കു ശ്രമിച്ചു നോക്കാം. അതില്‍ എന്നെക്കാള്‍ കൂടുതല്‍ വിജയിച്ചിട്ടുള്ളവരാണല്ലോ നിങ്ങളില്‍ പലരും.

യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നത്, ഒരു മാസ്സ് എന്റര്‍ടെയിനര്‍ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സെപ്തംബര്‍ എട്ടിനു ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.’

Content Highlight: Mammootty and Mohanlal gave narration in Pathonpatham noottandu movie