സര്‍ക്കാരുമായി സമവായത്തിലെത്തി; സിസ തോമസും സജി ഗോപിനാഥും വി.സിമാരാകും; ഉത്തരവിറക്കി ഗവര്‍ണര്‍
Kerala
സര്‍ക്കാരുമായി സമവായത്തിലെത്തി; സിസ തോമസും സജി ഗോപിനാഥും വി.സിമാരാകും; ഉത്തരവിറക്കി ഗവര്‍ണര്‍
അനിത സി
Tuesday, 16th December 2025, 9:17 pm

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല(കെ.ടി.യു)യിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരെ നിയമിച്ച് ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.

കെ.ടി.യു വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കി. വി.സിമാരുടെ കാലാവധി നാല് വര്‍ഷമായിരിക്കും.

സംസ്ഥാന സര്‍ക്കാരുമായി വിഷയത്തില്‍ സമവായത്തിലെത്തിയതോടെയാണ് ഗവര്‍ണറുടെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് വി.സി നിയമന ഉത്തരവ് ലോക്ഭവന്‍ പുറത്തിറക്കിയത്.

എല്ലാ യോഗ്യതകളുമുണ്ടായിട്ടും വി.സി സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ നീക്കിയ വ്യക്തിയായിരുന്നു ഡോ. സജി ഗോപിനാഥ്. ഒടുവില്‍ സര്‍ക്കാരുമായും കോടതിയുമായും നിരന്തരം കലഹിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ നിയമനത്തിന് തയ്യാറായിരിക്കുന്നത്.

ഇതോടെ സ്ഥിരം വി.സി നിയമനത്തെ ചൊല്ലിയുണ്ടായ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും തിരശീല വീണു. സുപ്രീം കോടതി ഇടപെടലുണ്ടായിട്ടും ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാതെ വന്ന വിഷയമായിരുന്നു വി.സിമാരുടെ നിയമനം.

കോടതി നിയമിച്ച സുദാന്‍ശു ധൂലിയ സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ പരിഗണിച്ച് നിയമനം നേരിട്ട് നടത്തുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

സര്‍ക്കാരിന്റെ പാനല്‍ തള്ളി ഓഗസ്റ്റ് ആദ്യവാരത്തില്‍ കെ.ടി.യു വി.സിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി ശിവപ്രസാദിനെയും ഗവര്‍ണര്‍ നിയമിക്കുകയും ഇതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം രൂക്ഷമായത്.

ഗവര്‍ണറുടെ താത്ക്കാലിക നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ പാനല്‍ സമര്‍പ്പിച്ചു. ഈ പാനല്‍ തള്ളിയായിരുന്നു ഗവര്‍ണര്‍ താത്ക്കാലിക നിയമനം നടത്തിയത്.

ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ സമവായത്തിന് ശ്രമിച്ച സുപ്രീം കോടതി നിരവധി തവണ അവസരം നല്‍കിയിട്ടും വി.സി നിയമനത്തില്‍ അന്തിമ തീരുമാനമുണ്ടായില്ല. ഒടുവില്‍ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്തുമെന്ന് അറിയിക്കുകയായിരുന്നു.

ഇതോടെ വി.സി നിയമനത്തില്‍ ജുഡീഷ്യറി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ അധികാരമാണ് വി.സി നിയമനമെന്നും കോടതി തന്നെ കണ്ണൂര്‍ വി.സി നിയമന വിധിയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സുപ്രീം കോടതി കേസ് 18ാം തീയതി പരിഗണിക്കാനിരിക്കെയാണ് നിയമന ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്.

Content Highlight: Sisa Thomas and Saji Gopinath will be VCs; Governor issues order

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍